Crime

മൂത്രമൊഴിക്കാൻ പുറത്തിറങ്ങി, പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; വനിതാ ബൈക്കറെ ഇടിച്ചുവീഴ്ത്തിയ പ്രതി വീണ്ടും പിടിയിൽ!

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി കല്യാൺ ബൈൻസ്‌ല പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ നോക്കിയ പ്രതി നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇയാളെ വീണ്ടും പിടികൂടുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ദൗസയിൽനിന്നാണ് കല്യാണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടന്റ് ക്രിയേറ്ററായ സന എന്ന ബൈക്ക് റൈഡറെ പ്രതികൾ കാറിൽ പിന്തുടരുകയും തുടർന്ന് ബൈക്കിൽ ഇടിച്ചുവീഴ്ത്തുകയും ചെയ്തത്. ബൈക്കിലെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യങ്ങൾ സന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ പ്രതിഷേധത്തിന് വഴിവെച്ചതും.

കല്യാൺ മനഃപൂർവം കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ രാത്രികാല തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.