കോയമ്പത്തൂർ∙ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങി നൽകിയ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ നഗർ സ്വദേശിനിയായ ആർ. ജോയ് പ്രിൻസി (19) ആണ് കേസിൽ പിടിയിലായത്. പൊള്ളാച്ചി ഗവ. ആർട്സ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് പ്രിൻസി.
പിതാവിന്റെ സുഹൃത്തായ ഉഞ്ചവേലംപട്ടി സ്വദേശി എച്ച്. തമിഴ്സെൽവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തമിഴ്സെൽവന്റെ മകളും ജോയ് പ്രിൻസിയും അടുത്ത സുഹൃത്തുക്കളാണ്.
ഓഗസ്റ്റ് 16-ന് മകളെ കാണാനെന്ന വ്യാജേന തമിഴ്സെൽവന്റെ വീട്ടിലെത്തിയ പ്രിൻസി, അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്വർണം കാണാതായതോടെ തമിഴ്സെൽവൻ പരാതി നൽകുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രിൻസി കുറ്റം സമ്മതിക്കുകയുമായിരുന്നു.
കവർന്ന സ്വർണം പൊള്ളാച്ചിയിലെ ഒരു ജൂവലറിയിൽ 2.5 ലക്ഷം രൂപയ്ക്ക് വിറ്റതായും ആ പണം ഉപയോഗിച്ചാണ് കാമുകന് ബൈക്ക് വാങ്ങി നൽകിയതെന്നും പ്രിൻസി മൊഴി നൽകി. പുതിയ ബൈക്ക് വാങ്ങുന്നതിന്റെ വിഡിയോ കാമുകൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും പൊലീസിന് നിർണായക തെളിവായി. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രിൻസിയുടെ കാമുകൻ ജനഗൻ ശിവയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




