Spotlight

‘എന്നാല്‍ ഞാനൊരു സത്യം പറയട്ടേ… തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും എനിക്ക് അറിയില്ല! മലക്കംമറിഞ്ഞ് പിസി ജോർജ്

പൂഞ്ഞാറിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിലപാട് മാറ്റി പി.സി. ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടത്തിയത് വിവാദ പ്രസംഗമായി മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹം പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. എരുമേലിയിൽ താൻ പറഞ്ഞത് തെറ്റാണെന്നും അഞ്ചു പൈസ പോലും മോഷ്ടിക്കാത്ത വ്യക്തിയായ സജി കുരിക്കാടിനോട് മാപ്പുചോദിക്കുന്നുവെന്നും ജോർജ് പറഞ്ഞു. താൻ ബി.ജെ.പി വിടില്ലെന്നും ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചതാണ് തന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും, മത്സരിക്കില്ലെന്ന് ശപഥം ചെയ്ത തന്നെ പാർട്ടി നേതൃത്വം നിർബന്ധിച്ച് നിർത്തിയതാണെന്നും പി.സി. ജോർജ് വ്യക്തത വരുത്തി. ബി.ജെ.പിയുടെ രണ്ട് പ്രധാന നേതാക്കൾ 4.45 കോടി രൂപ ലഭിച്ചെന്ന് പറഞ്ഞത് കേട്ടാണ് താൻ എരുമേലിയിലെ വേദിയിൽ അങ്ങനെ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വവുമായി സംസാരിച്ചപ്പോൾ നാൽപത് ലക്ഷം രൂപ പോലും തിരഞ്ഞെടുപ്പിനായി ചെലവായിട്ടില്ലെന്ന് ബോധ്യപ്പെടുകയും കൃത്യമായ കണക്കുകൾ അവർ കാണിച്ചുതരുകയും ചെയ്തു. ഇതോടെയാണ് എരുമേലിയിലെ പ്രസംഗത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ജോർജ് രംഗത്തെത്തിയത്.

കേന്ദ്രനേതൃത്വം നൽകിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു എന്നായിരുന്നു ജോർജിന്റെ മുൻ ആരോപണം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത സജി കുരിക്കാട് നൽകിയ കണക്കനുസരിച്ച് നാല് കോടി 45 ലക്ഷം രൂപ ചെലവായതായി കാണിച്ചെങ്കിലും എ ക്ലാസ് മണ്ഡലത്തിൽ 40 ലക്ഷം മാത്രമേ ചെലവഴിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ കണക്ക് പുറത്തുവന്നാൽ ബി.ജെ.പി പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും ബൂത്ത് തലത്തിൽ നൽകേണ്ട 31,000 രൂപ എവിടെപ്പോയെന്ന് അറിയില്ലെന്നും ജോർജ് അന്ന് പരിഹസിച്ചിരുന്നു. ഫണ്ടിൽ നിന്ന് ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ലെന്ന പ്രസംഗത്തിലാണ് ഇപ്പോൾ അദ്ദേഹം തിരുത്തുമായി എത്തിയിരിക്കുന്നത്.