Sports

കിരീടങ്ങളുടെ റാണി പടിയിറങ്ങുന്നു; വനിതാക്രിക്കറ്റ് നായികസ്ഥാനമൊഴിഞ്ഞ് ഹർമൻപ്രീത് കൗർ, ഇനി സ്മൃതി മന്ദാന?

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. 2025-ലെ ഏകദിന ലോകകപ്പ് കിരീടവും 2026-ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണവുമടക്കം നിരവധി ചരിത്രവിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ശേഷമാണ് താരം സ്ഥാനമൊഴിയുന്നത്. വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാന മൂന്ന് ഫോർമാറ്റുകളിലും പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം പ്രഖ്യാപിച്ചത്. ടീമിന്റെ ഭാവി മുന്നിൽക്കണ്ടും യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് 37-കാരിയായ താരം വ്യക്തമാക്കി. ക്യാപ്റ്റൻസി ഒഴിയുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാരയായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.


2012-ൽ താൽക്കാലിക ക്യാപ്റ്റനായി തുടക്കം കുറിച്ച ഹർമൻപ്രീത് 2016-ലാണ് ടീമിന്റെ സ്ഥിരം നായികയാകുന്നത്. അഞ്ച് ടെസ്റ്റുകൾ, 51 ഏകദിനങ്ങൾ, 155 ടി20 മത്സരങ്ങൾ എന്നിവയിലാണ് അവർ ഇന്ത്യയെ നയിച്ചത്. വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡോടെയാണ് ഹർമൻപ്രീത് പടിയിറങ്ങുന്നത്.

ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ വിജയം ഉൾപ്പെടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലാണ് ഹർമൻപ്രീത് ഇന്ത്യയെ നയിച്ചത്. ടി20യിൽ അവരുടെ കീഴിൽ ഇന്ത്യ 92 വിജയങ്ങൾ സ്വന്തമാക്കി. കൂടാതെ മൂന്ന് ഏഷ്യ കപ്പുകൾ, രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലുകൾ, കോമൺവെൽത്ത് ഗെയിംസ് വെള്ളി എന്നിവയും ഇന്ത്യ നേടി. 2025-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ഉയർത്തിയതാണ് അവരുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം.


ഹർമൻപ്രീതിന്റെ വികാരനിര്‍ഭരമായ കുറിപ്പ്:


ഇന്ന്, എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഞാൻ പടിയിറങ്ങുകയാണ്.

ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും, ജീവിതകാലം മുഴുവൻ മനസ്സിൽ നിൽക്കുന്ന ഓർമ്മ നിമിഷങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി എന്റെ സർവ്വസ്വവും ഞാൻ നൽകിയിട്ടുണ്ട് — എന്റെ ചോരയും നീരും സമയവും, പലപ്പോഴും എന്റെ സ്വന്തം പ്രകടനങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും പോലും. ചില നിമിഷങ്ങളിൽ എന്റെ സ്വന്തം പ്രകടനങ്ങളെയും വ്യക്തിഗത വളർച്ചയെയും മാറ്റിനിർത്തേണ്ടി വന്നിട്ടുണ്ട്, കാരണം എപ്പോഴും ടീമിനായിരുന്നു ഞാൻ പ്രഥമ പരിഗണന നൽകിയിരുന്നത്.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവർക്കും എപ്പോഴും മനസ്സിലാകാത്ത, എളുപ്പമല്ലാത്ത, പലപ്പോഴും എനിക്ക് വ്യക്തിപരമായി പ്രയാസങ്ങൾ ഉണ്ടാക്കിയ തീരുമാനങ്ങൾ. എന്നാൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിനും പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — ഈ ടീമിനെ മികച്ചതാക്കുക, ഒപ്പം മറ്റു കളിക്കാർക്ക് വളരാനും സ്വയം വിശ്വസിക്കാനും അവരുടെ ഏറ്റവും മികച്ച രൂപമായി മാറാനും അവസരം നൽകുക.

എല്ലാ ഘട്ടങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്.

ഏറ്റവും കഠിനമായ നിമിഷങ്ങൾ, ഹൃദയം തകർന്ന സന്ദർഭങ്ങൾ, വിമർശനങ്ങൾ, സംശയങ്ങൾ, ഒന്നും നമ്മുടെ വഴിക്ക് വരാതിരുന്ന ദിവസങ്ങൾ… ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ഏറ്റവും വലിയ സന്തോഷങ്ങളും വിജയങ്ങളും ആഘോഷങ്ങളും നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലെ അഭിമാനവും ഞാൻ അനുഭവിച്ചറിഞ്ഞു. ചെയ്ത ഓരോ ത്യാഗത്തിനും അർത്ഥമുണ്ടെന്ന് ആ നിമിഷങ്ങൾ എന്നെ ബോധ്യപ്പെടുത്തി.

ഒരുപാട് വികാരങ്ങളോടെയാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്, എങ്കിലും എന്റെ മനസ്സിൽ പൂർണ്ണ സമാധാനമുണ്ട്.

കാരണം, എന്റെ ടീം ഇപ്പോൾ വളരെ നല്ലൊരു നിലയിലാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. കഴിവുള്ള, വ്യക്തമായ ലക്ഷ്യബോധമുള്ള, ഭാവിയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ശേഷിയുള്ള ഒരു ടീമാണിത്. ഈ ടീമിന്റെ ഭാവി കാണാനും അതിന്റെ ഭാഗമാകാനും ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

എന്റെ കടമ ഞാൻ നിറവേറ്റി എന്ന് എനിക്ക് തോന്നുന്നു.

ഈ ടീമിനായി നൽകാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ നൽകി. വലിയ അഭിമാനത്തോടെയാണ് ഈ ഉത്തരവാദിത്തം ഞാൻ ചുമലിലേറ്റിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ കഴിഞ്ഞ മഹാഭാഗ്യത്തിന് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും.

ഇപ്പോൾ, അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായിരിക്കുന്നു.

ക്യാപ്റ്റൻസി ഇന്ന് അവസാനിച്ചേക്കാം, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ല.

എന്റെ എല്ലാ സഹകളിക്കാർക്കും കോച്ചുമാർക്കും സപ്പോർട്ട് സ്റ്റാഫിനും ടീം മാനേജ്‌മെന്റിനും ബി.സി.സി.ഐക്കും കുടുംബാംഗങ്ങൾക്കും, സന്തോഷത്തിലും സങ്കടത്തിലും എനിക്കൊപ്പം ഉറച്ചുനിന്ന ഓരോ ആരാധകനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

രക്തം. വിയർപ്പ്. ത്യാഗം. അഭിമാനം.

എല്ലാം ഞാൻ സമർപ്പിച്ചു.

ഇപ്പോൾ, ക്രിക്കറ്റിനോടുള്ള ആ പഴയ സ്നേഹത്തോടെ മാത്രം വീണ്ടും കളത്തിലിറങ്ങാൻ ഞാൻ തയ്യാറാണ്.

ക്യാപ്റ്റൻസി അവസാനിക്കുന്നു. യാത്ര തുടരുന്നു.