Crime

ബീയറും ലഹരി കലർത്തിയ ഐസ്ക്രീമും നൽകി കൂട്ടബലാത്സംഗം; യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു, ആത്മഹത്യാ ഭീഷണിയിൽ വിട്ടയച്ചു

കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂരമായ ഉപദ്രവങ്ങളാണെന്ന് ഭർത്താവ് . സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് തന്നോട് കൂടുതൽ ക്രൂരത കാട്ടിയതെന്ന് യുവതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. ഇത്തരത്തിൽ യുവതികളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

കേസിലെ രണ്ടാം പ്രതിയായ വയനാട് സ്വദേശി അമ്മു, മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സ്പാ നടത്തിപ്പുകാരനായ ഒന്നാം പ്രതി ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീരാജും ജിത്തും അമ്മുവും ചേർന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തിയത് സഞ്ജുവാണ്.

അധ്യാപികയായിരുന്ന യുവതി ജോലി നഷ്ടമായതിനെ തുടർന്ന് പുതിയ തൊഴിൽ അന്വേഷിക്കവെയാണ് സ്പായിൽ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒഎൽഎക്സിൽ കാണുന്നത്. ടാക്സി ഡ്രൈവറായ ഭർത്താവ് അന്നേ ദിവസം രാവിലെ ടൂറിസ്റ്റുകളുമായി മൂന്നാറിലേക്ക് പോയിരുന്നു. ഇതിനിടെ ഇന്റർവ്യൂവിന് വിളിച്ച വിവരം യുവതി ഭർത്താവിനെ അറിയിച്ചു. തുടർന്ന് രാവിലെ അഭിമുഖത്തിന് പോയ യുവതി 10 മണിയോടെ തിരികെയെത്തി ജോലി ലഭിച്ച വിവരവും ശമ്പളവും ലൊക്കേഷനും ഭർത്താവിനോട് പങ്കുവെച്ചു.

എന്നാൽ 11 മണിയോടെ വീണ്ടും പുറത്തുപോകണമെന്ന് യുവതി പറഞ്ഞു. എന്നാൽ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഉള്ളതിനാൽ പുറത്തുപോകരുതെന്ന് ഭർത്താവ് വിലക്കി. പിന്നീട് ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി കാൾ എടുത്തില്ല. തുടർന്ന് അയൽക്കാരെയും വീട്ടുടമയേയും വിവരമറിയിച്ച് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നുനോക്കിയെങ്കിലും യുവതി അവിടെയുണ്ടായിരുന്നില്ല.

പിറ്റേന്ന് വൈകിട്ട് ആറുമണിയോടെയാണ് യുവതി ഭർത്താവിന്റെ ഫോൺ കോൾ എടുക്കുന്നത്. കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്നും ഡിസ്പ്ലേ കേടായതാണ് ഫോൺ എടുക്കാൻ വൈകിയതിന് കാരണമെന്നും ഇടപ്പള്ളിയിലുള്ള യുവതി പറഞ്ഞു. എന്നാൽ രാത്രി ഭർത്താവ് വീട്ടിലെത്തുമ്പോൾ മുറിയിൽ വെളിച്ചം പോലും ഇടാതെ മുഖം പൊത്തി കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. മുൻപ് കൊച്ചിയിൽ നിന്ന് വരുമ്പോൾ മുഖത്ത് ചൂട അടിച്ച് നീര് വന്നതാണെന്ന് പറഞ്ഞിരുന്നെങ്കിലും, പരിശോധിച്ചപ്പോൾ മുഖത്തിന്റെ ഇരുവശങ്ങളും നീരുവന്ന് വീർത്ത നിലയിലും പൊട്ടിയ പരിക്കുകളോടെയുമാണ് കണ്ടതെന്ന് ഭർത്താവ് പറയുന്നു. തുടർന്ന് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് നേരിട്ട ക്രൂരതകൾ യുവതി വെളിപ്പെടുത്തിയത്.


ഇന്റർവ്യൂ സമയത്ത് മാനേജർ എന്ന് പരിചയപ്പെടുത്തിയ യുവതി വിളിച്ചതനുസരിച്ചാണ് അവിടെക്ക് പോയത്. പ്രതികൾ യുവതിയുടെ ഫോൺ കൈക്കലാക്കി ലോക്ക് അഴിച്ചുവെച്ചിരുന്നു. അവിടെ വെച്ച് ബിയറും ലഹരി കലർത്തിയ ഐസ്ക്രീമും നൽകി ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് ദാരുണമായ വിവരം യുവതി അറിയുന്നത്. ലോഡ്ജിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സംഘം വീണ്ടും ഉപദ്രവിച്ചു. ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ എത്തിയപ്പോൾ ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം വിട്ടയച്ചത്.

യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള മറ്റു രണ്ടു പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചു. ശ്രീരാജ് പങ്കാളിത്തത്തോടെ നടത്തുന്ന നാല് സ്പാകളിൽ, അതിക്രമം നടന്ന ഇടപ്പള്ളി കൂനംതൈ ഉണിച്ചിറയിലുള്ള ഡിലൈറ്റ് ആയുർവേദിക് സ്പാ പൊലീസ് ഇന്നലെ പൂട്ടിച്ചു. ഇതിന്റെ മറ്റു പങ്കാളികളെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും.