വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേച്ചൊല്ലി ചോദിച്ചപ്പോൾ തന്നെ മർദിച്ചെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. അഹമ്മദാബാദ് സ്വദേശിയായ, അമേരിക്കൻ പൗരത്വമുള്ള 46-കാരിയാണ് ഗുജറാത്ത് പോലീസിനെ സമീപിച്ചത്.
ഭർത്താവ് എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി രഹസ്യമായി ഫോൺ പരിശോധിക്കുകയായിരുന്നു. ഗോവ, യു.എസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സ്ത്രീകളുമായി ഭർത്താവ് നിരന്തരം സന്ദേശങ്ങൾ അയക്കുന്നതായി ഫോണിൽ നിന്ന് മനസ്സിലായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെടുകയും തന്നെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ഭർത്താവ് മദ്യത്തിനും ഓൺലൈൻ ചൂതാട്ടത്തിനും അടിമയാണെന്നും യുവതി ആരോപിക്കുന്നു. വിവാഹശേഷം ഹണിമൂണിനായി ഇരുവരും ഗോവയിലേക്കും ബാലിയിലേക്കും പോയിരുന്നു. ഗോവയിൽ വെച്ച് ഭർത്താവ് വലിയൊരു തുക ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയെന്നും അവിടെ വെച്ച് അദ്ദേഹത്തിന്റെ കാമുകിയായ സ്ത്രീ കാണാൻ എത്തിയിരുന്നതായും പരാതിയിലുണ്ട്. കൂടാതെ, വിവാഹസമയത്ത് പിതാവ് നൽകിയ പണവും സ്വർണ്ണവും വിട്ടുനൽകാൻ ഭർത്താവ് സമ്മർദ്ദം ചെലുത്തിയതായും പറയുന്നു.
വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന യുവതിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. മുൻപത്തെ രണ്ടു വിവാഹബന്ധങ്ങളും വേർപെടുത്തിയ ശേഷമാണ് ഇവർ അഹമ്മദാബാദ് സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ പരാതിയിൽ അഹമ്മദാബാദ് പോലീസ് കേസെടുത്തു. പ്രതിയായ യുവാവും മുൻപ് വിവാഹം കഴിച്ചിരുന്നതായും ആ ബന്ധത്തിൽ ഇയാൾക്ക് ഒരു മകനും മകളുമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




