ലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ. തുടർച്ചയായി വില്ലനായെത്തിയ പരുക്കുകളെത്തുടർന്നു 25–ാം വയസ്സിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും പടിയിറങ്ങുന്നത്. 2024 ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച ടേണറിന്, പിന്നീട് പരുക്കുകൾ മൂലം ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നമായിരുന്ന പ്രഫഷനൽ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് താരം വൈകാരികമായ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പരുക്കുകൾ കാരണം കഴിഞ്ഞ ഒരു വർഷത്തോളമായി കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ലെന്നും, ശരീരം വഴങ്ങാത്തതിനാലാണ് കരിയർ അവസാനിപ്പിക്കാൻ നിർബന്ധിതനായതെന്നും ടേണർ കൂട്ടിച്ചേർത്തു.
2025 ജൂണിൽ കളിച്ച ഒരു ആഭ്യന്തര ട്വന്റി20 മത്സരമാണ് താരത്തിന്റെ അവസാന പോരാട്ടം. കരിയറിലാകെ വിവിധ ഫോർമാറ്റുകളിലായി 53 മത്സരങ്ങളിൽനിന്ന് 97 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021 ലെ റോയൽ ലണ്ടൻ കപ്പിലൂടെ അരങ്ങേറ്റം കുറിച്ച ടേണർ, മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റെടുത്താണ് ശ്രദ്ധേയനായത്. തുടർന്ന് ആറ് കൗണ്ടി മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയത് ഇംഗ്ലണ്ട് സീനിയർ ടീമിലേക്കുള്ള വഴി തെളിച്ചു.
അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ നാലാം പന്തിൽ തന്നെ വെസ്റ്റിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിങ്ങിനെ പുറത്താക്കി മികച്ച തുടക്കം കുറിച്ചെങ്കിലും പരുക്ക് പ്രതിസന്ധിയാവുകയായിരുന്നു. വിറ്റാലിറ്റി ബ്ലാസ്റ്റിൽ 27 മത്സരങ്ങളും ദ് ഹണ്ട്രഡിൽ അഞ്ച് മത്സരങ്ങളും കളിച്ചിട്ടുള്ള ടേണർ ലങ്കാഷെയർ, ഹാംഷെയർ, ട്രെന്റ് റോക്കറ്റ്സ് എന്നീ മുൻനിര ഫ്രാഞ്ചൈസികൾക്കായും പന്തെറിഞ്ഞിട്ടുണ്ട്.




