തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കോടതി കേസ് തീര്‍പ്പാക്കിയതോടെ ദമ്പതികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. വിജയ്‌യുടെ വളര്‍ച്ചയിലുടനീളം പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സംഗീത ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരിയില്‍ സംഗീത ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ ആരോപണങ്ങള്‍ വിജയ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. വിജയ്ക്ക് സിനിമയിലെ മറ്റൊരു താരവുമായി വഴിവിട്ട ബന്ധമുണ്ടെന്നും 2021 ഏപ്രിലിലാണ് ഇക്കാര്യം താന്‍ ഉറപ്പിച്ചതെന്നും സംഗീത ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് തനിക്ക് വലിയ മാനസിക, വൈകാരിക പ്രയാസങ്ങളുണ്ടാക്കി. ഇതിനുശേഷവും വിജയ് നടിയുമായി പരസ്യമായ ബന്ധം തുടര്‍ന്നുവെന്നും അത് കുട്ടികള്‍ക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവര്‍ ആരോപിച്ചു.
2021നുശേഷം വിജയ് വൈകാരികമായി തന്നില്‍ നിന്ന് അകന്നുവെന്നും ഭാര്യയെന്ന പരിഗണന നൽകാതെ അവഗണിച്ചുവെന്നും സംഗീത ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ത്തന്നെ പ്രത്യേകമാണ് കഴിഞ്ഞിരുന്നതെന്നും അവർ വെളിപ്പെടുത്തി. വിജയ് ഇതൊന്നും ബാധിക്കാത്ത രീതിയില്‍ വിദേശയാത്രകളും നടിക്കൊപ്പം പരസ്യമായി പരിപാടികളില്‍ പങ്കെടുക്കുന്നതും തുടര്‍ന്നു. ഇതോടെയാണ് വിവാഹമോചനത്തിന് തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഫെബ്രുവരി 26ന് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുമ്പോഴാണ് ചെങ്കല്‍പ്പെട്ട് കുടുംബ കോടതി ജഡ്ജി ശശികല ആദ്യം ഹര്‍ജി പരിഗണിച്ചത്. പിന്നീട് വോട്ടെടുപ്പ് മൂന്നുദിവസം മാത്രം ശേഷിക്കെ വീണ്ടും കേസ് പരിഗണനയ്ക്കുവന്നു. കക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ കേസ് ജൂണ്‍ പതിനഞ്ചിലേക്ക് മാറ്റി. അന്നും കേസ് മാറ്റിവയ്ക്കുകയാണുണ്ടായത്. ഒടുവില്‍ ഇന്ന് പരിഗണിച്ചപ്പോഴാണ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് സംഗീത അറിയിച്ചത്.
ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലുള്‍പ്പെടെ നടി തൃഷയുടെ സാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. വിവാഹമോചന ഹര്‍ജിയിലെ ആരോപണങ്ങളുമായി തൃഷയെ ചേര്‍ത്തും പ്രചാരണങ്ങളുണ്ടായി. വിജയ്‌യുടെ മാതാപിതാക്കള്‍ സംഗീതയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ തുടര്‍ച്ചയായ ഇടപെടലുകളെ തുടര്‍ന്നാണ് സംഗീത ഹര്‍ജി പിന്‍വലിച്ചതെന്നാണ് വിവരം. എങ്കിലും തുടര്‍ന്നുള്ള കാര്യങ്ങളില്‍ വിജയ്‌യുടെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമല്ല.
ശ്രീലങ്കന്‍ വംശജയായ സംഗീത സ്വര്‍ണലിംഗം 1996ലാണ് വിജയ്‍യെ ആദ്യമായി കാണുന്നത്. 1998ല്‍ ബ്രിട്ടണില്‍ വച്ച് ഇരുവരും വിവാഹിതരായി. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയില്‍ വച്ച് ആചാരപരമായ വിവാഹച്ചടങ്ങും നടന്നു. ദമ്പതികള്‍ക്ക് ജേസണ്‍, ദിവ്യ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാദങ്ങളുണ്ടായ സമയത്ത് മക്കള്‍ രണ്ടുപേരും അമ്മയായ സംഗീതയ്ക്കൊപ്പമാണ് നിലയുറപ്പിച്ചത്.




