Crime

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊന്നു, മൃതദേഹത്തിലൂടെ കാർ കയറ്റിയിറക്കി ഭർത്താവ്

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഭർത്താവും സുഹൃത്തുക്കളും പിടിയിലായി. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നത്. റീത്ത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് അമർ സിങ് കുറ്റം സമ്മതിക്കുകയായിരുന്നു.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അമർ സിങ് തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇയാളുടെ മൊഴിയിൽ സംശയം തോന്നിയതോടെ പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കുകയായിരുന്നു. ഇതോടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താനും മൂന്ന് കൂട്ടാളികളും ചേർന്ന് വടികൊണ്ട് അടിച്ച് റീത്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി.

തുടർന്ന് സംഭവം വാഹനാപകടമാണെന്ന് വരുത്തിതീർക്കാൻ മൃതദേഹത്തിന് മുകളിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഹാമിർപൂരിലെ ലാൽപുരയിലുള്ള ബൈത്ക ധാം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് റീത്തയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കൊലപാതകത്തിലെ ഭീകരത പുറത്തുവന്നത്.

റീത്തയുടെ വൃക്കകൾ ഒഴികെയുള്ള മറ്റെല്ലാ ആന്തരികാവയവങ്ങളും തകർന്ന നിലയിലായിരുന്നു. പെൺകുട്ടിയുടെ പിതാവ് സർവേശ് കുമാർ പറയുന്നതനുസരിച്ച്, 2002-ലായിരുന്നു റീത്തയുടെ ആദ്യ വിവാഹം. അതിൽ നാല് മക്കളുണ്ട്. ആദ്യ ഭർത്താവിന്റെ മരണശേഷം കാൺപൂരിൽ താമസിക്കവെയാണ് ഫ്ലോർ മിൽ ജീവനക്കാരനായ അമറിനെ പരിചയപ്പെടുന്നതും രണ്ടു വർഷം മുൻപ് വിവാഹം കഴിക്കുന്നതും.

രണ്ടു മാസം മുൻപ് റീത്തയുടെ പേരിൽ അമർ 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്ത് 2.60 ലക്ഷം രൂപ പ്രീമിയം അടച്ചിരുന്നു. ഈ തുക തട്ടിയെടുക്കാനാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. റീത്തയുടെ മക്കൾ നിലവിൽ ആദ്യ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *