Crime

60കാരന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയിൽ; മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് രണ്ടാം ഭാര്യ

മധ്യപ്രദേശിലെ ഭോപ്പാലില്‍ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യ ഗുഡ്ഡിയാണ് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായി .

ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38), കാമുകനായ നാരായൺ ദാസ് കുഷ്വാഹ (48), തൊഴിലാളിയായ ധീരജ് കോൾ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇതോടെയാണ് ഭർത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടിൽ കയറി കട്ടിലിൽ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തുടർന്ന് വിമലയുടെ സഹായത്തോടെ മൃതദേഹം വീടിന് പിന്നിലെ കിണറ്റിൽ കൊണ്ട് തള്ളുകയായിരുന്നു.

ഭയ്യാലാലിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷമാണ് ഗുഡ്ഡിയെ വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെ ഗുഡ്ഡിയുടെ ഇളയ സഹോദരി വിമലയെയും ഭയ്യാലാൽ വിവാഹം കഴിച്ചു. വസ്തു ബ്രോക്കറായിരുന്നു വിമലയുടെ കാമുകൻ ലല്ലു.