അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 80 വയസ്സുകാരിയായ നതാലി ഗ്രാബോ, 17 മണിക്കൂറിനുള്ളിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ചു. 42.195 കി.മീ. ഓട്ടവും 3.862 കി.മീ. നീന്തലും 180.246 കി.മീ സൈക്കിളിംഗും ചേര്‍ന്നതാണ് കോന അയൺമാൻ ട്രയാത്ത്‌ലൺ പ്രായം, കഠിനമായ കായിക വിനോദങ്ങളിലെ മത്സരം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ തകർത്തെറിയുകയാണ് നതാലി.
ലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് ഏതുപ്രായത്തിലും അവരുടെ ഫിറ്റ്‌നസ് നിലവാരം വീണ്ടെടുക്കാൻ അവർ പ്രചോദനമായി. നതാലി അടുത്തിടെ ഹവായിയിൽ നടന്ന കോന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 17 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കേണ്ട ഈ കോഴ്‌സ്, അവർ 16 മണിക്കൂർ, 45 മിനിറ്റ്, 26 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ, ഫുൾ-ഡിസ്റ്റൻസ് ട്രയാത്ത്‌ലോൺ ഇവന്റ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡും അവർ സ്ഥാപിച്ചു.
നതാലി ഗ്രാബോയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ
നതാലിയുടെ ഈ നേട്ടം പ്രചോദനകരമാണെങ്കിലും, അവർ ഒറ്റ ദിവസം കൊണ്ടല്ല ഈ നിലയിലേക്ക് എത്തിയത്. വർഷങ്ങളിലൂടെയാണ് അവർ തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തത്. ചിയർ ലീഡിംഗ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, സ്കീയിംഗ്, ഓട്ടം, സ്റ്റെപ്പ് എയ്‌റോബിക്‌സ് എന്നിവയുൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ എപ്പോഴും സജീവമായിരുന്നു എന്ന് അവർ ‘ബിസിനസ് ഇൻസൈഡർ’ എന്ന പ്രസിദ്ധീകരണത്തോട് പറഞ്ഞു. വിരമിച്ചതിനുശേഷം അവർ 5K, 10K ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുകയും, പിന്നീട് കൂടുതൽ റേസുകളിലേക്ക് തിരിയുകയും ചെയ്തു. എങ്കിലും, നീന്താൻ അറിയാത്തതുകൊണ്ട് അവർ ഒരിക്കലും ട്രയാത്ത്‌ലോണിൽ പങ്കെടുത്തിരുന്നില്ല. “എന്റെ 59-ാം വയസ്സിൽ ഞാൻ നീന്താൻ പഠിക്കാൻ തീരുമാനിച്ചു,” അവർ പറഞ്ഞു. നീന്തൽ പഠിക്കാനായി അവർ പുസ്തകങ്ങൾ വായിക്കുകയും, വീഡിയോകൾ കാണുകയും, ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു.
ദിവസവും 2 മണിക്കൂർ ജിമ്മിൽ വർക്കൗട്ട് ചെയ്യും…
‘നീന്താൻ പഠിച്ചതിനുശേഷം, അവർ സ്പ്രിൻ്റുകളിൽ തുടങ്ങി, തുടർന്ന് 70.3 എന്ന അയൺമാൻ ഹാഫ്-ഡിസ്റ്റൻസ് റേസിലേക്ക് കടന്നു. 61-ാം വയസ്സിൽ അവർ കോന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി, 80-ാം വയസ്സിൽ അത് വീണ്ടും പൂർത്തിയാക്കി.
“മത്സരത്തിന് മാസങ്ങൾക്ക് മുമ്പേ ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങും, ദിവസവും ഏകദേശം രണ്ട് മണിക്കൂർ ഞാൻ ജിമ്മിൽ വർക്കൗട്ട് ചെയ്യും… എന്റെ പൊതുവായ ആരോഗ്യത്തിന്റെ കാര്യത്തിൽ, ഞാൻ ഭാഗ്യവതിയാണ്. മുൻപ് ചില ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഗുരുതരമായതൊന്നും ഉണ്ടായിട്ടില്ല. ഞാൻ സാധാരണ മൾട്ടി-വിറ്റാമിനുകൾ കഴിക്കുന്നു, എന്നാൽ കുറിപ്പടി മരുന്നുകൾ (prescription drugs) ഒന്നും ഉപയോഗിക്കാറില്ല .ഒരു മത്സരസമയത്ത് ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും, ഫിനിഷിംഗ് ലൈൻ കടക്കുമ്പോൾ എനിക്ക് വലിയ സംതൃപ്തിയാണ് അനുഭവപ്പെടാറ്. ഒരു നല്ല വർക്കൗട്ടിന് ശേഷം, ഓരോ തവണയും ഞാൻ കൂടുതൽ ശക്തയാകുന്നു എന്ന് എനിക്കറിയാം. നിങ്ങൾ പ്രായമാകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചലനം ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണ്.” ,” അവർ വ്യക്തമാക്കി.
ഒരു ദിവസം അവർ എന്താണ് കഴിക്കുന്നത്?
ഭക്ഷണക്രമത്തെക്കുറിച്ച് നതാലി വെളിപ്പെടുത്തിയത്, അത് സാധാരണയായി ആരോഗ്യകരമായ ഭക്ഷണമാണെന്നാണ്. “ഞാൻ പലതരം പച്ചക്കറികൾ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാറുണ്ട്. എന്നിരുന്നാലും, ഞാൻ ഒരു നിയന്ത്രണവും വെക്കാറില്ല. ഒരു അത്‌ലറ്റിന് വിശപ്പ് കൂടുതലായിരിക്കും. എന്റെ ഇഷ്ടവിഭവം മധുരപലഹാരങ്ങളാണെന്ന് പറയുമ്പോൾ ആളുകൾ ആശ്ചര്യപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ് എനിക്കിഷ്ടമാണ്,” അവർ പറഞ്ഞു.




