കൊൽക്കത്ത: ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കൊൽക്കത്തയിലെത്തി. നഗരത്തിലെ രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടൊപ്പം പങ്കെടുക്കാനാണ് 63-കാരിയായ തസ്ലീമ എത്തിച്ചേർന്നത്.
2007-ൽ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തെച്ചൊല്ലി ഉടലെടുത്ത വലിയ കലാപസമാനമായ സാഹചര്യങ്ങളെ തുടർന്നാണ് അവർക്ക് കൊൽക്കത്ത വിടേണ്ടി വന്നത്. അന്ന് സൈന്യത്തെ ഇറക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. താൻ സ്വന്തം ഇഷ്ടപ്രകാരമല്ല അന്ന് നഗരം വിട്ടതെന്നും, എന്നെങ്കിലും തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അവർ വ്യക്തമാക്കി.
വിമാനത്താവളത്തിൽ ബി.ജെ.പി എം.എൽ.എ സൗരവ് സിക്ദർ അടക്കമുള്ള നേതാക്കൾ അവരെ സ്വീകരിക്കാൻ എത്തിയിരുന്നു. എന്നാൽ തസ്ലീമയുടെ മുൻകാല മുസ്ലിം വിരുദ്ധ പരാമർശങ്ങൾ മാത്രമാണ് അവരെ സ്വീകരിക്കാൻ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.




