കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ജീൻസും ടോപ്പുമണിഞ്ഞ് പുതിയ ലുക്കിലാണ് ഇന്ന് കോടതിയിലെത്തിയത്. മാറാട് പ്രത്യേക കോടതിയിൽ ജോളിയുടെ ഈ പുതിയ വേഷപ്പകർച്ച കണ്ടതോടെ ഇവരെ കാണാൻ ആളുകൾ തടിച്ചുകൂടുകയും തുടർന്ന് പൊലീസ് ഇവരെ പെട്ടെന്ന് തന്നെ കോടതിക്ക് അകത്തേക്ക് മാറ്റുകയും ചെയ്തു. സ്പൈറൽ ബൈൻഡ് ചെയ്ത ഒരു കൂട്ടം കടലാസുകളും കോടതിയിലെത്തുമ്പോൾ ജോളിയുടെ കൈയിലുണ്ടായിരുന്നു.
വിചാരണ നടപടികൾക്കിടയിലും പരീക്ഷയ്ക്കുള്ള കടുത്ത തയാറെടുപ്പിലാണ് ജോളിയിപ്പോൾ. കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ജോളി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നതിനായി അടുത്തിടെ കണ്ണൂർ വനിതാ ജയിലിലെത്തിയത് വാർത്തയായിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ജോളിക്ക് എട്ട് പേപ്പറുകളാണ് ഇത്തവണ എഴുതാനുള്ളത്. ജയിലിലുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തടവുകാരാണ് പഠനത്തിന് ഇവരെ സഹായിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന കേസായ ഭർത്താവ് റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് ജോളി കോടതിയിൽ ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസ് മുൻപ് മൂന്ന് തവണ ഹാജരാകാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ച വിചാരണ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ്‌കുമാർ മുൻപാകെ സിലി വധക്കേസിലെ കുറ്റപത്രത്തിൻമേലുള്ള വാദവും പൂർത്തിയായിട്ടുണ്ട്.
2011-ലാണ് ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസ് മരണപ്പെടുന്നത്. പിന്നീട് റോയിയുടെ സഹോദരൻ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലറ തുറന്ന് മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന സത്യങ്ങൾ തെളിഞ്ഞത്. തുടർന്ന് 2019 ഒക്ടോബറിൽ കോഴിക്കോട് റൂറൽ പൊലീസ് ജോളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊന്നാമറ്റത്തെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയെന്ന സംശയത്തിൽ നടത്തിയ രഹസ്യാന്വേഷണമാണ് ഈ പരമ്പരക്കൊലകളുടെ ചുരുളഴിച്ചത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, സിലിയുടെ രണ്ടര വയസ്സുള്ള മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയ ശേഷം അന്നത്തെ വടകര എസ്.പി കെ.ജി. സൈമണിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ആറ് അന്വേഷണ സംഘങ്ങളാണ് മറ്റ് കേസുകളിലും കുറ്റപത്രം സമർപ്പിച്ചത്.




