കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജയറാമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ഈ ചിത്രം നിർമ്മിച്ചതെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫോണിൽ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു.
ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിർമാതാവും സംവിധായകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ പരാജയത്തിന് ശേഷം മറ്റൊരു സിനിമയ്ക്കായി ഹസീബ് ജയറാമിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ ജയറാം പല കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയാണുണ്ടായതെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. കടബാധ്യതകൾ മൂലം അസുഖബാധിതനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ഹസീബിനെ നടൻ മമ്മൂട്ടിയാണ് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ സജീവമായിരുന്ന ഉഷയ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. അതിൽ അനുജനായ ഹസീബ് അറിയപ്പെടുന്ന ഒരു നിർമാതാവായിരുന്നു. എന്നാൽ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിന്റെ തകർച്ചയോടെ ഹസീബിന്റെ സിനിമാ ജീവിതത്തിന് തിരശ്ശീല വീഴുകയും അദ്ദേഹത്തിന്റെ സാമ്പത്തിക, ശാരീരിക നിലകൾ പൂർണ്ണമായി തകരുകയും ചെയ്തു. ഈ അവസ്ഥയിലേക്ക് ഹസീബ് എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് സഹോദരി ഉഷ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിവച്ചുകൊണ്ടാണ് ആലപ്പി അഷ്റഫ് സംസാരിച്ചത്.
സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിൽ നല്ലൊരു നിലയിലെത്തിയ വ്യക്തിയായിരുന്നു ഹസീബ്. നിർമാണത്തിന് പുറമെ ഫൈനാൻസ് ചെയ്യാനും സാറ്റലൈറ്റ് അവകാശങ്ങൾ വാങ്ങാനുമെല്ലാം അദ്ദേഹം മുന്നിലുണ്ടായിരുന്നു. ആലപ്പുഴയിൽ ആഡംബര ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ഒരു തിരിച്ചടിയുണ്ടാകുന്നത്. മറ്റൊരു നിർമാതാവ് പകുതിക്ക് വച്ച് ഉപേക്ഷിച്ച പ്രോജക്റ്റ് ഹസീബ് ഏറ്റെടുക്കുകയായിരുന്നു. പുതുമുഖ സംവിധായകരുടെ ആ ചിത്രമായിരുന്നു കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’.
എല്ലാം ബിസിനസ്സ് കണ്ണോടെ കാണുന്ന ഹസീബ് എന്തിനാണ് ഈ പടം ഏറ്റെടുത്തതെന്ന് ചോദിച്ചപ്പോൾ ജയറാമിലുള്ള വിശ്വാസമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘മകന്റെ പടം ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും കൂടെയുണ്ടാകും’ എന്ന് ജയറാം ഉറപ്പ് നൽകിയിരുന്നു. പലരും വിലക്കിയിട്ടും കേൾക്കാതെ കോടികൾ വാരിയെറിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലായി വലിയ രീതിയിലാണ് ചിത്രീകരണം നടത്തിയത്. പണം തികയാതെ വന്നപ്പോൾ മാർവാടികളിൽ നിന്നും വട്ടിപ്പലിശയ്ക്ക് വരെ കടം വാങ്ങി. എന്നാൽ വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം എട്ടുനിലയിൽ പൊട്ടുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്തു. ഏതാണ്ട് 10 കോടിയോളം രൂപയാണ് ഈ ഒറ്റച്ചിത്രം കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത്.
തകർച്ചയിലായ ഹസീബ് ഒരു ഡേറ്റിനായി ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് പോയതെങ്കിലും ‘ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി. മകന് വേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ‘എല്ലാം നല്ലതിനാണ്, ദൈവം സഹായിക്കും’ എന്നൊരു വോയ്‌സ് മെസ്സേജ് മാത്രമാണ് ജയറാം അയച്ചത്. ഒടുവിൽ കടക്കാർ വരിഞ്ഞുമുറുക്കി സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി. ഗോകുലം ഗോപാലന്റെ പലിശയൊന്ന് ഒഴിവാക്കാൻ ജയറാമിനോട് പറയാൻ ഹസീബ് ആവശ്യപ്പെട്ടെങ്കിലും ജയറാം അത് ചെയ്തുതുടുത്തില്ല.
ഹസീബിന്റെ അനുജനായ ഹനീസ് 20 വർഷമായി അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ആളാണ്. അവനെ ഒരു സ്വതന്ത്ര സംവിധായകനാക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും സ്വന്തം അനുജന് വേണ്ടി ഒരു പടം ചെയ്യാൻ ഹസീബിന് സാധിച്ചില്ല. അവിടെയാണ് ജയറാമിന്റെ മകന് വേണ്ടി സർവതും നൽകി അദ്ദേഹം തകർന്നത്. കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിലായത്. ലേക്‌ഷോർ ഹോസ്പിറ്റലിൽ രണ്ട് മേജർ ഓപ്പറേഷനുകൾ നടക്കുമ്പോൾ നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് അടിയന്തര ഇടപെടലുകൾ നടത്തിയത്. ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്.
ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും ജയറാം ആ വഴിക്ക് വന്നതേയില്ല. തന്റെ സഹോദരന്റെ ഈ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് ഉഷാ ഹസീന കാര്യങ്ങൾ തുറന്നുപറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്. ഉഷ അങ്ങനെയാണ്, പ്രതികരിക്കേണ്ടിടത്ത് വലിപ്പച്ചെറുപ്പം നോക്കാതെ അവർ പ്രതികരിക്കും. അതുകൊണ്ടുതന്നെ അവർക്ക് ശത്രുക്കളും കൂടുതലാണ്. സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉഷ നടത്തുന്ന ഈ പോരാട്ടങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായി ആലപ്പി അഷ്റഫ് പറഞ്ഞു നിർത്തി.




