Crime

‘ഭാര്യക്ക് ഇഷ്ടം വേലക്കാരിയെ’; കൂടോത്രം ചെയ്ത് മയക്കിയെന്ന് സംശയം; വേലക്കാരിയെ കുത്തിക്കൊന്ന് ഡോക്ടര്‍

കുടുംബ പ്രശ്നങ്ങൾക്ക് കാരണം വീട്ടുജോലിക്കാരിയുടെ കൂടോത്രമാണെന്ന് വിശ്വസിച്ച് അവരെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിലായി. ഡൽഹിയിലാണ് ഈ സംഭവം നടന്നത്. ഡെർമറ്റോളജിസ്റ്റ് ആയ ഡോ. മനീഷ് ഗുപ്തയാണ് സ്വന്തം വീട്ടിലെ ജോലിക്കാരിയായ മീനയെ കൊലപ്പെടുത്തിയത്.

ഡോ. ഗുപ്തയും ആയുർവേദ ഡോക്ടറായ ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജോലിക്കാരിയെ ജോലിയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞ് ഇവർ മൂന്ന് വർഷമായി വഴക്കിട്ടിരുന്നു. എന്നാൽ 15 വർഷമായി തനിക്കറിയാവുന്ന മികച്ച ജോലിക്കാരിയായ മീനയെ പിരിച്ചുവിടാൻ ഭാര്യ സമ്മതിച്ചില്ല. ഇതോടെ മീന തന്റെ ഭാര്യയെ കൂടോത്രം ചെയ്ത് മയക്കിയിരിക്കുകയാണെന്ന് ഡോക്ടർ സംശയിച്ചതായി പോലീസ് പറയുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗുപ്തയുടെ വീട്ടിൽ നിന്നും വലിയ നിലവിളി കേട്ട അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഡോക്ടറെയാണ് കണ്ടത്. രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു ജോലിക്കാരിയായ മീന അവിടെ കിടന്നിരുന്നത്.

തുടർന്ന് പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയും കൊലപാതകം സ്ഥിരീകരിക്കുകയും ചെയ്തു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ അടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. ഡോക്ടർ കുറച്ചു കാലമായി വിഷാദരോഗത്തിന് ചികിത്സയിലാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ഇതും ഒരു കാരണമായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *