വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ തുടർന്നുള്ള നിലപാടുകൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് പ്രഖ്യാപനം വരാനിരിക്കെ ലീഗ് ക്യാമ്പ് വലിയ ആകാംക്ഷയിലാണ്. വി ഡി സതീശന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന നേതൃയോഗത്തിന്റെ വിലയിരുത്തൽ. പ്രഖ്യാപനത്തിന് പിന്നാലെ സാദിഖലി തങ്ങളുടെ വസതിയിൽ ഇന്ന് വീണ്ടും യോഗം ചേരും. സതീശനെ പരിഗണിച്ചില്ലെങ്കിൽ ലീഗ് എടുക്കുന്ന തീരുമാനം ഈ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാകും.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. രാഹുൽ ഗാന്ധിയോ ഹൈക്കമാൻഡോ ഇതുവരെ ആരെയും തീരുമാനം അറിയിക്കുകയോ ഘടകകക്ഷികളുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ഗവർണർക്ക് നൽകാനുള്ള കത്ത് തയ്യാറാക്കുന്ന തിരക്കിലാണ് കോൺഗ്രസ്. മന്ത്രിമാരുടെ കാര്യമുൾപ്പെടെ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരാനിരിക്കുന്നതിനാൽ നിലവിൽ ഭരണസ്തംഭനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.




