കൊൽക്കത്ത∙ പ്രതിഷേധത്തിനിടെ സ്വന്തം പാർട്ടിയിലെ പ്രവർത്തകന്റെ കരണത്തടിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ മമതാ ബാനർജി. പതിനൊന്നുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ ടിഎംസി പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിഷേധം തുടങ്ങിയതു മുതൽ ബിജെപി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വലിയ ഉന്തും തള്ളും സംഘർഷവുമുണ്ടാവുകയും, സ്ഥിതി ശാന്തമാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ടിഎംസി പ്രവർത്തകർ മുന്നോട്ടുപോകുന്നത് തടയാൻ ബിജെപിക്കാർ മനുഷ്യമതിൽ തീർക്കുകയും ‘കള്ളൻ, കള്ളൻ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രതിഷേധ പ്രകടനം മമതയുടെ വസതിക്ക് മുന്നിലേക്ക് എത്തിയതോടെ, തടിച്ചുകൂടിയ ജനക്കൂട്ടത്തെ ശാന്തരാക്കാൻ അവർ വീടിന് പുറത്തേക്ക് വരികയായിരുന്നു. ഇതിനിടെ ആളുകളെ തള്ളിമാറ്റി മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് മമത ഒരാളുടെ മുഖത്തടിച്ചത്. മമതയുടെ മർദ്ദനമേറ്റത് സ്വന്തം പാർട്ടിയിലെ ഒരു ടിഎംസി പ്രവർത്തകന് തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെ അവർ ദേഷ്യത്തോടെ തള്ളിമാറ്റുകയും ചെയ്തു.
അതേസമയം, തൃണമൂൽ കോൺഗ്രസ് നടത്തുന്ന ഈ പ്രതിഷേധത്തെ ബിജെപി ശക്തമായി പരിഹസിച്ചു. സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ കാട്ടുന്ന കുറ്റവാളികളെ എപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് തൃണമൂലിന്റേതെന്നും, അവരുടെ ഈ സമരം യഥാർത്ഥത്തിൽ ഇരകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബിജെപി കുറ്റപ്പെടുത്തി.




