വേഗത്തിൽ ഊർജ്ജം നൽകുന്ന ഒരു തരം കാർബോഹൈഡ്രേറ്റാണ് പഞ്ചസാരയെങ്കിലും, ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കാൻ വിദഗ്ദ്ധർ എപ്പോഴും നിർദ്ദേശിക്കാറുണ്ട്. ‘ദി ന്യൂട്രീഷൻ സോഴ്സി’ന്റെ റിപ്പോർട്ട് പ്രകാരം, മുതിർന്നവർ ഒരു ദിവസം 6 മുതൽ 9 ടീസ്പൂൺ (24-36 ഗ്രാം) കൂടുതൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല.
പഞ്ചസാര ഒരു ലഹരിപോലെയാണ് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നതെന്ന് സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റും ഹോർമോൺ ആരോഗ്യ വിദഗ്ദ്ധയുമായ ഡോ. അനാമിക രഘുവംശി പറയുന്നു. “പലർക്കും പ്രശ്നം ഇച്ഛാശക്തിയുടെ കുറവല്ല, മറിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യത്യാസമാണ്,” എന്ന് അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. 10 ദിവസത്തെ ഷുഗർ ഡിറ്റോക്സ് ചലഞ്ച് നിർദ്ദേശിക്കുന്ന അവർ, ഈ ചെറിയ കാലയളവിൽ പഞ്ചസാര ഒഴിവാക്കിയാൽ തന്നെ ശരീരം സ്വയം ക്രമീകരിക്കാൻ തുടങ്ങുമെന്ന് വെളിപ്പെടുത്തുന്നു.
ഇൻസുലിൻ സ്പൈക്കുകൾ കുറയുന്നതിലൂടെ ശരീരത്തിലെ വീക്കം (Inflammation) കുറയുന്നു. ഇതിന്റെ ഫലമായി ഊർജ്ജനില സുസ്ഥിരമാകുകയും, മധുരത്തോടുള്ള ആസക്തി കുറയുകയും, ചർമ്മം കൂടുതൽ തെളിയുകയും, വയർ വീർക്കുന്നത് കുറയുകയും, മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.
“നിങ്ങൾ പഞ്ചസാര എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്നില്ല, എന്നാൽ പഞ്ചസാരയില്ലാതെ നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം,” അവർ ഉപദേശിക്കുന്നു.
പഞ്ചസാരയോടുള്ള ആസക്തി ഒഴിവാക്കാൻ 10 ദിവസത്തെ ഡിറ്റോക്സ് ചലഞ്ച്
10 ദിവസം പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയ ശേഷം മാറ്റങ്ങൾ നിരീക്ഷിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഈ സമയയളവിൽ ശരീരത്തിലും മനസ്സിലും സംഭവിക്കാവുന്ന മാറ്റങ്ങളുടെ ഏകദേശ രൂപം താഴെ നൽകുന്നു:
- 1 മുതൽ 3 വരെ ദിവസങ്ങൾ: മധുരം കഴിക്കാനുള്ള കടുത്ത ആസക്തിയും ദേഷ്യവും അസ്വസ്ഥതയും ഉണ്ടായേക്കാം.
- 4 മുതൽ 6 വരെ ദിവസങ്ങൾ: ശരീരത്തിലെ ഊർജ്ജ നില സുസ്ഥിരമാക്കാൻ തുടങ്ങുന്നു.
- 7 മുതൽ 10 വരെ ദിവസങ്ങൾ: ചർമ്മത്തിൽ വ്യക്തമായ മാറ്റങ്ങൾ കാണപ്പെടും , മധുരത്തോടുള്ള ആസക്തി കുറയും.
“പലരും കരുതുന്നത് തങ്ങൾക്ക് അച്ചടക്കമില്ലെന്നാണ്, ഈ മാറ്റങ്ങളെല്ലാം ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന അസ്ഥിരതയുടെ ഫലമാണെന്നും ഇച്ഛാശക്തിയുടെ കുറവല്ലെന്നും ഡോ. അനാമിക, ഊന്നിപ്പറയുന്നു.
ഇത്തരത്തിലുള്ള ചെറിയ ഭക്ഷണക്രമീകരണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് നില സുസ്ഥിരമാക്കാൻ അത്യന്താപേക്ഷിതമാണ്. ഇത് കാലക്രമേണ ഏകാഗ്രതയും ഇച്ഛാശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.




