Oddly News

വഴിയരികില്‍ വീണുകിടക്കുന്ന മാമ്പഴം എടുത്താൽ 3.5 ലക്ഷം പിഴ!; ഇന്ത്യക്കാരിയുടെ വിഡിയോ വൈറൽ

സിംഗപ്പൂരിലെ പൊതുസ്ഥലത്ത് വീണുകിടന്ന മാമ്പഴം എടുത്താൽ 3.75 ലക്ഷം രൂപ പിഴ ലഭിക്കുമെന്ന് ഇന്ത്യൻ യുവതിയുടെ മുന്നറിയിപ്പ്. പ്രിയങ്ക സിൻഹ എന്ന യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും സർക്കാർ സ്വത്തായാണ് സിംഗപ്പൂരിൽ കണക്കാക്കുന്നത്. അതിനാൽ അധികൃതരുടെ അനുവാദമില്ലാതെ പഴങ്ങൾ പറിക്കുന്നതോ നിലത്തു വീണവ ശേഖരിക്കുന്നതോ കുറ്റകരമാണ്.

റോഡരികിലെ മരങ്ങളിൽ നിന്ന് ആർക്കും പഴങ്ങൾ പറിക്കാവുന്ന ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യം ചെയ്ത് നിരവധി ആളുകളാണ് ഈ വാർത്തയോട് പ്രതികരിച്ചത്. സിംഗപ്പൂരിലെ കർശനമായ നിയമങ്ങളെ ചിലർ പ്രശംസിച്ചപ്പോൾ, മാമ്പഴം എടുത്തതിന് ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത് അമിതമാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

നാഷണൽ പാർക്ക്സ് ബോർഡിന്റെ (NParks) നിയമപ്രകാരം, പൊതു പാർക്കുകളിൽ നിന്ന് അനുവാദമില്ലാതെ പഴങ്ങൾ ശേഖരിച്ചാൽ 5,000 ഡോളർ വരെ പിഴ ലഭിക്കാം. എന്നാൽ ഇത് വന്യജീവി സങ്കേതങ്ങളിലോ നാഷണൽ പാർക്കുകളിലോ ആണെങ്കിൽ പിഴ തുക 50,000 ഡോളർ വരെ ഉയരാം; കൂടാതെ ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാം. വൃത്തിയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ലോകത്തെ മുൻനിരയിലുള്ള സിംഗപ്പൂർ, പൊതുമുതൽ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരം കടുത്ത നിയമങ്ങൾ നടപ്പിലാക്കുന്നത്. വളർത്തുമൃഗങ്ങൾ പഴങ്ങൾ എടുത്താലും അതിന്റെ ഉത്തരവാദിത്തം ഉടമസ്ഥനായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.