വിവാഹമോചിതനായ 37 വയസ്സുകാരനായ ഐ.ഐ.ടി ബിരുദധാരിയുടെ വിചിത്രമായ വിവാഹപ്പരസ്യം കണ്ട് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. മുപ്പത് വയസ്സിൽ താഴെയുള്ള, ബ്രാഹ്മണ സമുദായത്തിൽപ്പെട്ട, മുൻപ് പ്രണയബന്ധങ്ങളോ വിവാഹമോ ഉണ്ടായിട്ടില്ലാത്ത ഒരു യുവതിയെ വേണമെന്നാണ് ഇയാളുടെ ആവശ്യം.
ഡേറ്റിംഗ് കോച്ചും മാച്ച് മേക്കറുമായ ഓന്ദ്രില കപൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരു പ്രമുഖ കമ്പനിയിൽ ഡയറക്ടറായി ജോലി ചെയ്യുന്ന ഇയാൾക്ക് ‘സീറോ ബോഡി കൗണ്ട്’ (Zero Body Count) ഉള്ള, അതായത് മുൻപ് ആരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്ത പെൺകുട്ടിയെ വേണമെന്ന നിബന്ധന യാതൊരു മടിയുമില്ലാതെയാണ് അവതരിപ്പിച്ചത്.
ഇയാളുടെ ആവശ്യങ്ങൾ തികച്ചും അസംബന്ധമാണെന്ന് ഓന്ദ്രില കപൂർ മറുപടി നൽകി. ഒരാളുടെ മുൻകാല ചരിത്രം എങ്ങനെ കണ്ടെത്താനാകുമെന്ന് ചോദിച്ചപ്പോൾ, ഇതിന് പിന്നിൽ ഒരു പഠനമുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. കൂടുതൽ പങ്കാളികൾ ഉള്ള സ്ത്രീകൾ ഭാവിയിൽ വഞ്ചിക്കാൻ സാധ്യതയുണ്ടെന്നാണ് ഇയാളുടെ വിചിത്രമായ വാദം. എന്നാൽ ഇതേ യുക്തി ഇയാൾക്കും ബാധകമല്ലേ എന്ന് ഓന്ദ്രില ചോദിച്ചു. വിവാഹമോചിതനായ ഇയാൾക്കും മുൻകാല ചരിത്രമുണ്ടല്ലോ എന്ന ചോദ്യത്തിന്, “ഞാനൊരു പുരുഷനാണ്” എന്നായിരുന്നു ഇയാളുടെ അഹങ്കാരത്തോടെയുള്ള മറുപടി.
ഇയാൾ പറയുന്ന നിബന്ധനകളുള്ള ഒരു യുവതി 37 വയസ്സുള്ള, വിവാഹമോചിതനായ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന്, മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് തനിക്ക് അത്തരം ആലോചനകൾ വരുന്നുണ്ടെന്നും എന്നാൽ അവയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് മാച്ച് മേക്കറുടെ സഹായം തേടിയതെന്നും ഇയാൾ പറഞ്ഞു. സ്ത്രീവിരുദ്ധവും ഇരട്ടത്താപ്പും നിറഞ്ഞ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഓന്ദ്രില ഇയാളുടെ ആവശ്യം നിരസിച്ചു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇയാളുടെ ചിന്താഗതിയാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ചിലർ പരിഹസിക്കുമ്പോൾ, ഓരോരുത്തർക്കും സ്വന്തം ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് മറ്റു ചിലർ വാദിക്കുന്നു. ഏതായാലും വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ പരിഷ്കൃതനാകില്ല എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.




