Health

രസഗുള കഴിച്ചതിന് പിന്നാലെ ശരീരം തളർന്നു! യുവാക്കളെ ബാധിക്കുന്ന ഈ തളർച്ചയ്ക്ക് പിന്നിലെ കാരണമെന്ത്?

രസഗുള കഴിച്ചതിന് പിന്നാലെ തളർച്ചയോ? യുവാക്കളിൽ കണ്ടുവരുന്ന ‘ഹൈപ്പോകലീമിക് പീരിയോഡിക് പാരാലിസിസ്’ എന്ന അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 35 വയസ്സുകാരനായ രവി അഞ്ചാറ് രസഗുളകൾ കഴിച്ചതിന് പിന്നാലെ കൈകാലുകൾക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയും അത് പക്ഷാഘാതം പോലെയാവുകയും ചെയ്തു.

കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് തവണയാണ് ഇദ്ദേഹത്തിന് ഇത്തരത്തിൽ സംഭവിച്ചത്. ആദ്യത്തെ രണ്ടുതവണയും കല്യാണവീടുകളിൽ നിന്നായിരുന്നു ഇത് സംഭവിച്ചത് എന്നതിനാൽ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന് കരുതി അദ്ദേഹം അത് അവഗണിച്ചു. എന്നാൽ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ നടത്തിയ പരിശോധനയിലാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തിയത്.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുന്നത് മൂലം പേശികൾക്ക് തളർച്ച അനുഭവപ്പെടുന്ന അവസ്ഥയാണിത്. രസഗുള പോലെ മധുരവും കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ ഇൻസുലിൻ പെട്ടെന്ന് വർദ്ധിക്കുന്നു. ഈ ഇൻസുലിൻ രക്തത്തിലുള്ള പൊട്ടാസ്യത്തെ കോശങ്ങളിലേക്ക് തള്ളിവിടുന്നതോടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വല്ലാതെ കുറയുന്നു. ഇത് പേശികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ശരീരം തളരുകയും ചെയ്യുന്നു. ഏഷ്യൻ രാജ്യങ്ങളിലെ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം ഉള്ളവരിലാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നത്.

കൈകാലുകൾക്ക് പെട്ടെന്ന് അനുഭവപ്പെടുന്ന തളർച്ച, എന്നാൽ സ്പർശനശേഷിയോ വേദനയോ അറിയാനുള്ള കഴിവിന് മാറ്റമില്ലാതിരിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സ്ട്രോക്ക് പോലുള്ള രോഗങ്ങളിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ ഇത് സഹായിക്കും. ഇത്തരം അവസ്ഥയുണ്ടാകുമ്പോൾ ഉടൻ തന്നെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് പരിശോധിക്കുകയും തൈറോയ്ഡ് പരിശോധന നടത്തുകയും വേണം.

കൃത്യസമയത്ത് പൊട്ടാസ്യം ശരീരത്തിൽ എത്തിക്കുന്നതിലൂടെ ഈ തളർച്ച മാറ്റിയെടുക്കാൻ സാധിക്കും. മധുരവും അന്നജവും അമിതമായടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, തൈറോയ്ഡ് പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ തേടുക എന്നിവയാണ് ഇത് തടയാനുള്ള പ്രധാന വഴികൾ. അമിതമായി ആഹാരം കഴിച്ച ശേഷമോ വ്യായാമത്തിന് ശേഷമുള്ള വിശ്രമവേളയിലോ പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടാൽ അത് ഗൗരവമായി കാണണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.