കൊച്ചി: പ്രസവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സംവിധായകനും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ രംഗത്തെത്തി. താൻ പറയുന്ന കാര്യങ്ങളെ പുരോഗമനവാദികളും ഫെമിനിസ്റ്റുകളും ചേർന്ന് ബോധപൂർവം വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ഭാര്യയാണ് തനിക്കൊപ്പമുള്ളതെന്നും, അവൾക്ക് ആ ധൈര്യം നൽകുന്നത് ഭർത്താവായ താനാണെന്നും അഖിൽ പറഞ്ഞു. കുടുംബം നോക്കാത്തവർ തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ അത് താൻ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ലോകാരോഗ്യ സംഘടന നിശ്ചയിച്ച 10-15 ശതമാനമെന്ന മാനദണ്ഡം ലംഘിച്ച് കേരളത്തിൽ സിസേറിയൻ നിരക്ക് 45 ശതമാനത്തിന് മുകളിലെത്തിയതിനെ അഖിൽ ചോദ്യം ചെയ്തു. ഇതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുടെയും മരുന്നു മാഫിയകളുടെയും കച്ചവട താല്പര്യമാണെന്നും ഗർഭകാലത്തെ അവർ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിശുമരണ നിരക്കിനെ പ്രസവവുമായി ബന്ധിപ്പിച്ച് വിമർശകർ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പ്രസവവും ഗർഭവുമാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന രീതിയിൽ കപട സ്ത്രീപക്ഷവാദികൾ കാര്യങ്ങളെ മാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പുരുഷൻ പ്രസവവേദന അനുഭവിക്കുന്നില്ല എന്ന കാരണത്താൽ അവന്റെ പങ്കിനെ കുറച്ചുകാണിക്കുന്നത് ശരിയല്ലെന്നും പുരുഷൻ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവനാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ആക്ഷേപിക്കുന്നതിനെതിരെ നിലവിളിക്കുന്നവർ പുരുഷന്മാരെ ഏതു രീതിയിൽ ആക്രമിക്കാനും മടിക്കുന്നില്ല. എത്ര ആക്ഷേപങ്ങൾ നേരിടേണ്ടി വന്നാലും സത്യം പറയുന്നതിൽ നിന്നും താൻ പിന്നോട്ടില്ലെന്നും അഖിൽ മാരാർ അറിയിച്ചു. പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന ഇദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഈ വിശദീകരണം.




