അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലന്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് നടന്ന ഈ സംഭവത്തെത്തുടർന്ന് സീക്രട്ട് സർവീസും പോലീസും ചേർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഏകദേശം 2,500 അതിഥികൾ പങ്കെടുത്ത ചടങ്ങ് നടന്ന ബോൾറൂമിലേക്ക് എത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ പ്രകാരം ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മെക്കാനിക്കൽ എഞ്ചിനീയറും കമ്പ്യൂട്ടർ സയന്റിസ്റ്റും ഗെയിം ഡെവലപ്പറുമാണ് കോൾ തോമസ് അലൻ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (കാൽടെക്) നിന്ന് ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഇയാൾ നേടിയിട്ടുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ റിസർച്ച് ഫെലോയായും കാൽടെക്, സി2 എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ അധ്യാപകനായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
അക്രമത്തിനെതിരെ ശക്തമായ നിയമനടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. മാരകായുധങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും അക്രമത്തിന് തോക്ക് ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന് യുഎസ് അറ്റോർണി ജീനിൻ പിറോ അറിയിച്ചു. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും. ഹോട്ടലിന് പുറത്തെ സുരക്ഷാ പരിശോധന കൃത്യമായി നടന്നതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്നും ഇയാൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്താൻ പദ്ധതിയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തോക്ക്, കൈത്തോക്ക്, നിരവധി കത്തികൾ എന്നിവയുമായാണ് അക്രമി എത്തിയതെന്ന് പോലീസ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു. സുരക്ഷാ വേലി ഭേദിച്ച് ഓടാൻ ശ്രമിച്ച ഇയാളെ സീക്രട്ട് സർവീസ് തടയുകയും തുടർന്ന് വെടിവയ്പ്പ് ഉണ്ടാവുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു. അക്രമിക്ക് വെടിയേറ്റിട്ടില്ലെന്നും ഇയാൾ ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തതെന്നുമാണ് പ്രാഥമിക നിഗമനം. ഇയാൾ ഹോട്ടലിലെ ഒരു അതിഥിയായിരുന്നുവെന്നും സൂചനയുണ്ട്. ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. വളരെ ധീരമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ നേരിട്ടതെന്നും പരിക്കേറ്റ ഉദ്യോഗസ്ഥൻ സുഖമായിരിക്കുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമി ഒരു മാനസികരോഗിയാണെന്നും ഇയാൾക്കെതിരെ നിരവധി വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് നിർത്തിവെച്ച വിരുന്ന് അടുത്ത 30 ദിവസത്തിനുള്ളിൽ ഇതിലും ഭംഗിയായി വീണ്ടും നടത്തുമെന്നും ട്രംപ് അറിയിച്ചു. ഇയാളുടെ താമസസ്ഥലത്തും പോലീസ് പരിശോധന നടത്തിവരികയാണ്.




