Spotlight

‘എനിക്ക് നിന്നെ കണ്ടിട്ട് വികാരം വരുന്നില്ല’ എന്ന് ടെക്കി വരന്‍; ജീവനൊടുക്കി പ്രതിശ്രുതവധു

വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റം വരികയും നിസാര കാര്യങ്ങൾക്കും രെഹനയോട് വഴക്കിടാൻ തുടങ്ങുകയും ചെയ്തു.

തന്റെ അച്ഛൻ നിർബന്ധിച്ചതുകൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും, അതിനാൽ രെഹന ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഷാജഹാൻ ആവശ്യപ്പെട്ടു. മദ്യപിച്ചും രെഹനയെ വിളിച്ച് ഷാജഹാൻ ശല്യപ്പെടുത്തുന്നത് പതിവായി. പിന്നീടൊരിക്കല്‍ രെഹനയെ കണ്ടിട്ട് തനിക്ക് വികാരങ്ങളൊന്നും വരുന്നില്ലെന്നും തനിക്ക് മുന്‍പ് നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജഹാന്‍ തുറന്നുപറഞ്ഞു. ഇതോടെ മാനസികമായി തകർന്ന യുവതി കടുത്ത വിഷാദത്തിലേക്ക് വീണു.

തുടർന്ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രെഹനയുടെ പക്കൽ നിന്നും 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഷാജഹാൻ തന്നോട് പറഞ്ഞ ക്രൂരമായ കാര്യങ്ങളും അയാളുടെ സ്വഭാവവും രെഹന കത്തിൽ വിവരിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷാജഹാനെയും മാതാപിതാക്കളായ വീരയ്യയെയും വഹീദയെയും പോലീസ് പിടികൂടിയത്.