Celebrity

‘എത്ര വലിയ അവാർഡ് വാങ്ങിച്ചെങ്കിലും ഒരുനാൾ പിടിക്കപ്പെടും’: സജ്നയുമായുള്ള ബന്ധം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ് ഖാൻ

സജ്ന നൂറുമായുള്ള വിവാഹബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന ഗൗരവകരമായ ആരോപണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. വികൃതമായ ലൈംഗിക വൈകൃതങ്ങളും ക്രൂരമനോഭാവവുമുള്ള ചിലർ ഇവിടെ ഒളിച്ചുരസിക്കുന്നുണ്ടെന്നും, എത്ര വലിയ പദവിയിൽ ഇരിക്കുന്നവരാണെങ്കിലും ഒരുനാൾ അവർ പിടിക്കപ്പെടുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകുന്നു. സിനിമയിലോ മറ്റോ വലിയ അവാർഡുകൾ വാങ്ങി ഉന്നതനിലയിൽ നിൽക്കുന്ന ഒരാളാണ് തന്റെ ദാമ്പത്യം തകർത്തതെന്ന സൂചന ഫിറോസ് നൽകുന്നുണ്ടെങ്കിലും അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നുമായിരുന്നു സജ്നയുടെ നേരത്തെയുള്ള വിശദീകരണം. സജ്നയുടെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇപ്പോൾ ഫിറോസ് സ്വീകരിച്ചിരിക്കുന്നത്.

ഒരാൾ മിണ്ടാതിരിക്കുന്നത് ഒന്നും അറിയാത്തതുകൊണ്ടോ പേടികൊണ്ടോ ആണെന്ന് ആരും കരുതേണ്ടതില്ലെന്ന് ഫിറോസ് പറയുന്നു. നിശബ്ദത പാലിക്കുന്നവർക്ക് എല്ലാം അറിയാമെന്നും എന്നാൽ മറ്റുള്ളവരെപ്പോലെ നിലവാരമില്ലാത്ത രീതിയിൽ സംസാരിക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബുദ്ധിപൂർവ്വം കളിച്ചാൽ നിയമത്തിൽ നിന്നും സമൂഹത്തിൽ നിന്നും രക്ഷപ്പെടാമെന്ന് വിചാരിക്കുന്ന ചില ഉന്നതന്മാർ സേഫ്റ്റി സോണിലല്ല. എത്ര വലിയ പദവിയിലാണെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവർക്കും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവർക്കും എന്നെന്നേക്കുമായി ഒളിച്ചിരിക്കാൻ കഴിയില്ലെന്നും, അത്തരം ക്രൂരമനോഭാവമുള്ളവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഇടക്കാലത്ത് നഷ്ടപ്പെട്ട ദൈവവിശ്വാസവും കർമ്മയിലുള്ള വിശ്വാസവും ഇപ്പോൾ തിരികെ വരികയാണെന്ന് ഫിറോസ് വെളിപ്പെടുത്തി. സത്യം എപ്പോഴും വിജയിക്കുമെന്നും വലിയ കൊമ്പന്മാരാണെന്ന് സ്വയം വിശ്വസിക്കുന്നവർ ഒരിക്കൽ താഴെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ ശ്രദ്ധേയരായ ഫിറോസും സജ്നയും ഷോ കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് വേർപിരിഞ്ഞത്. 2023-ൽ ഔദ്യോഗികമായി ഇവർ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അറിയിച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സജ്നയുടെ ആദ്യ വിവാഹത്തിലെ മകളും ഇവർക്കൊപ്പമുള്ള മകനും ഇപ്പോൾ സജ്നയുടെ സംരക്ഷണയിലാണ് കഴിയുന്നത്.

വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ ഇരുവരും വ്യക്തമാക്കിയിരുന്നില്ലെങ്കിലും സിനിമാ മേഖലയിലെ ഒരു പ്രമുഖനുമായി സജ്നയ്ക്കുള്ള ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ നാല് വർഷമായി ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവന്ന വാർത്തകൾ. ആ വാർത്തകളെ ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഇപ്പോൾ ഫിറോസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.