Featured Sports

തിലക് വർമയുടെ അതിവേഗ സെഞ്ച്വറി, ഗുജറാത്തിനെ 100ന് എറിഞ്ഞിട്ട് ബോളർമാർ, മുംബൈയുടെ തിരിച്ചുവരവ്

തുടർച്ചയായ നാലു തോൽവികൾക്കുശേഷം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 200 റൺസ് പിന്തുടർന്ന ഗുജറാത്ത് വെറും 100 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ നാല് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മൂന്നാം തോൽവി വഴങ്ങിയ ഗുജറാത്ത് ആറാം സ്ഥാനത്താണ്.

മറുപടി ബാറ്റിങ്ങിൽ 26 റൺസെടുത്ത വാഷിങ്ടൻ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. വെറും 55 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായതോടെ ആതിഥേയർക്ക് പിന്നീട് കരകയറാനായില്ല. സായ് സുദർശൻ (0), ജോസ് ബട്‍ലർ (5), ശുഭ്മൻ ഗിൽ (14), ഗ്ലെൻ ഫിലിപ്സ് (6) എന്നിവർ വേഗത്തിൽ മടങ്ങിയത് ഗുജറാത്തിന് വലിയ തിരിച്ചടിയായി. ആദ്യ പന്തിൽ തന്നെ സായ് സുദർശനെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബട്‍ലറെ പുറത്താക്കിയപ്പോൾ, മധ്യനിരയെ അശ്വനി കുമാർ എറിഞ്ഞൊതുക്കി. അല്ലാ ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. തകർപ്പൻ സെഞ്ചറി നേടിയ തിലക് വർമയാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. 45 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും സഹിതം 101 റൺസെടുത്ത തിലക് പുറത്താകാതെ നിന്നു. ഐപിഎല്ലിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. നമൻ ധീർ 45 റൺസെടുത്തു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഡാനിഷ് മലേവാറിന് തിളങ്ങാനായില്ല. 44 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈയെ തിലക് വർമയുടെ പ്രകടനമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തുടക്കത്തിൽ പവർപ്ലേയിൽ പതറിയെങ്കിലും തിലക് വർമ വന്നതോടെ റൺറേറ്റ് ഉയർന്നു. ഹാർദിക് പാണ്ഡ്യ (15) പെട്ടെന്ന് പുറത്തായെങ്കിലും അവസാന ഓവറുകളിൽ തിലക് ആഞ്ഞടിച്ചു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് തിലക് നൂറ് തികച്ചത്. ആ ഓവറിൽ മാത്രം രണ്ട് സിക്സറുകളും ഫോറുകളും പിറന്നു. ഗുജറാത്തിനു വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം പങ്കിട്ടു.