Crime

അമ്മയുടെ സുഹൃത്ത് 15കാരിയെ പീഡിപ്പിച്ചു; അമ്മയുടെ മുന്നിലിട്ടും പീഡിപ്പിച്ചെന്ന് പരാതി, അറസ്റ്റ്

തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തായ ബിജു (52) അറസ്റ്റിലായി. കാരേറ്റ് ബിജു സ്റ്റോർ ഉടമയാണ് പിടിയിലായ ബിജു. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. തന്നെ വർക്കല ബീച്ചിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നതായി പതിനഞ്ചുകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മാതാപിതാക്കൾ പിണങ്ങി കഴിയുന്നതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ പോലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ പെൺകുട്ടി സ്വന്തം അച്ഛന്റെ അടുത്തേക്ക് പോവുകയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ‘സ്നേഹിത’ പുനരധിവാസ കേന്ദ്രത്തിന്റെയും സഹായത്തോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അവിടെ വച്ച് കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ അമ്മയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.