Crime Featured

കാരണം തണ്ണിമത്തനല്ല! പച്ചനിറമായി ആന്തരികാവയങ്ങൾ, ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് പുതിയ സൂചനകൾ. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്നും ഉള്ളിൽച്ചെന്ന മറ്റേതോ വിഷവസ്തുവാണെന്നുമാണ് പ്രാഥമിക ഫൊറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിനുള്ളിൽ കടന്ന അജ്ഞാതമായ പദാർത്ഥമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.

മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരമൊരു മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. തണ്ണിമത്തൻ കഴിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

മരിച്ച അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശം കണ്ടെത്തിയത് കേസിൽ പുതിയ വഴിത്തിരിവായിട്ടുണ്ട്. ഇതോടെ മരണം അബദ്ധവശാൽ സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതകൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തണ്ണിമത്തനല്ല, മറിച്ച് മറ്റേതോ ലഹരിവസ്തുവോ വിഷമോ ആണ് കുടുംബത്തിന്റെ ജീവനെടുത്തതെന്ന നിഗമനത്തിലാണ് നിലവിൽ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.