Featured Fitness

അന്താരാഷ്ട്ര യോഗാദിനം; ദിവസവും യോഗ ചെയ്താൽ ശരീരഭാരം കുറയുമോ? വിദഗ്ധർ പറയുന്നു

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരഭാരം കുറയ്ക്കാന്‍ യോഗ സഹായിക്കുമോ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. യോഗയില്‍ കഠിനമായ കാര്‍ഡിയോ വ്യായാമങ്ങളോ ഭാരദ്വഹനമോ ഉള്‍പ്പെടുന്നില്ലെങ്കിലും, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ യോഗയുടെ ഗുണങ്ങള്‍ കൂടുതല്‍ സമഗ്രവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് അവര്‍ വിശദമാക്കുന്നു.

പലരും പ്രതീക്ഷിക്കുന്ന രീതിയിലല്ലെങ്കിലും യോഗ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുണെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ. സബ്രീന ബോകില്‍ പറയുന്നു. പരമ്പരാഗത യോഗാരീതികള്‍ കഠിനമായ വ്യായാമങ്ങള്‍ പോലെ കൂടുതല്‍ കലോറി എരിച്ചുകളയില്ലായിരിക്കാം. എന്നാല്‍ വ്യായാമം, മെച്ചപ്പെട്ട ഉപാപചയ പ്രവര്‍ത്തനം (metabolism), മാനസിക സമ്മര്‍ദ്ദം കുറയ്ക്കല്‍, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

പെട്ടെന്ന് ഭാരം കുറയ്ക്കുന്ന താല്‍ക്കാലിക ഡയറ്റുകളില്‍ നിന്നും ഫിറ്റ്‌നസ് രീതികളില്‍ നിന്നും വ്യത്യസ്തമായി, യോഗ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കുകയും ദീര്‍ഘകാലത്തേക്ക് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

എല്ലാ യോഗാരീതികളും ഒരേപോലെയല്ല. കൂടുതല്‍ ചലനാത്മകവും കഠിനവുമായ ചില യോഗാരീതികള്‍ കലോറി എരിച്ചുകളയാനും ഒപ്പം ശാരീരികക്ഷമതയും കരുത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിന്യാസ യോഗ, പവര്‍ യോഗ, അഷ്ടാംഗ യോഗ തുടങ്ങിയ രീതികളില്‍ നിരന്തരമായ ചലനങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാനും കലോറി എരിച്ചുകളയാനും പേശികളുടെ കരുത്ത് കൂട്ടാനും സഹായിക്കുമെന്ന് ഡോ. ബോകില്‍ വ്യക്തമാക്കുന്നു.

പതിവായ യോഗാഭ്യാസം ശരീരത്തിന് വഴക്കവും സഹിഷ്ണുതയും നല്‍കുന്നതിനാല്‍, അത് ആളുകളെ കൂടുതല്‍ സജീവമായിരിക്കാന്‍ സഹായിക്കും. തുടര്‍ച്ചയായ ചലനങ്ങളും സ്‌ട്രെച്ചിങ്ങും അടങ്ങിയ ഇത്തരം യോഗാരീതികള്‍ വ്യായാമം ഒരു ശീലമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഫലപ്രദമാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള യോഗയുടെ കഴിവാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ അതിന്റെ ഏറ്റവും വലിയ സവിശേഷത. അമിതമായ മാനസിക സമ്മര്‍ദ്ദം കാരണം പലരിലും കോര്‍ട്ടിസോള്‍ (cortisol) ഹോര്‍മോണിന്റെ അളവ് കൂടുകയും, ഇത് പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കൂടാന്‍ കാരണമാകുകയും ചെയ്യുന്നു. വിഷമം വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ശീലവും ജങ്ക് ഫുഡുകളോടുള്ള അമിത താല്പര്യവും നിയന്ത്രിക്കാന്‍ യോഗയിലെ ശ്വസനക്രിയകളും ധ്യാനവും സഹായിക്കും.

എന്നാല്‍, പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഒറ്റമൂലിയായി യോഗയെ കാണരുതെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. യോഗ നമ്മുടെ ശരീരത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിനാല്‍, ആരോഗ്യകരമായ ഭക്ഷണരീതികള്‍ തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും.

യോഗയോടൊപ്പം നല്ലൊരു ഭക്ഷണക്രമവും മറ്റ് ശാരീരിക വ്യായാമങ്ങളും പിന്തുടരുമ്പോള്‍ മാത്രമേ ശരീരഭാരം കൃത്യമായി നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ഡോ. ബോകില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫിറ്റ്‌നസ് എന്നത് വെറുതെ കലോറി എരിച്ചുകളയല്‍ മാത്രമല്ലെന്നും, മാനസിക സമ്മര്‍ദ്ദം കുറച്ച് ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ മാറ്റം തുടങ്ങുന്നതെന്നും യോഗ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *