കാണാതായ ഭാര്യയെ കണ്ടെത്താൻ ഒരു യുവാവ് നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ച് ബിഹാർ പൊലീസ്. ബിഹാറിലെ മുസാഫർപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്റെ പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ഗൗരീശങ്കർ നൽകിയ പരാതിയാണ് വലിയൊരു ക്രൂരത പുറത്തുകൊണ്ടുവന്നത്.
കുട്ടിക്കാലം മുതലേ പരസ്പരം അറിയാമായിരുന്ന സുജാതയും ഗൗരീശങ്കറും കുടുംബക്കാരുടെ എതിർപ്പുകൾ അവഗണിച്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഹരിയാനയിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ഗൗരീശങ്കർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് സുജാതയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഫെബ്രുവരിയിൽ ഇരുപതുകാരെയും പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ, തനിക്ക് ഭർത്താവിനൊപ്പം പോകാനാണ് താത്പര്യമെന്ന് സുജാത കോടതിയെ അറിയിച്ചു. പിന്നീട് ചില നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി സ്വന്തം വീട്ടിലേക്ക് മടങ്ങിയ സുജാതയുമായി മാർച്ച് 31-നാണ് ഗൗരീശങ്കർ അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം സുജാതയെക്കുറിച്ച് യാതൊരു വിവരവും ഭർത്താവിന് ലഭിച്ചില്ല.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗൗരീശങ്കർ പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. ഒടുവിൽ, ഭാര്യയെ കണ്ടെത്തി തന്നില്ലെങ്കിൽ താൻ ജീവിതം അവസാനിപ്പിക്കുമെന്ന് ഗൗരീശങ്കർ മുന്നറിയിപ്പ് നൽകിയതോടെയാണ് പൊലീസ് ഗൗരവമായി അന്വേഷണം തുടങ്ങിയതും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതും.
തുടർന്ന് സുജാതയുടെ വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ സഹോദരൻ അഭിഷേക് കുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. മേയ് എട്ടിന് സുജാതയെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് സഹോദരൻ വെളിപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം പൂർണ്ണമായി കത്തിച്ചുകളഞ്ഞതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




