ബിക്കാനീർ എക്സ്പ്രസ് ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിലെ ശുചിമുറിക്ക് പുറത്തുള്ള നടപ്പാതയിലും കോച്ചിലുടനീളവും വെള്ളം നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ റെയിൽവേയുടെ ഈ വീഴ്ചയെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്.
ട്രെയിനിനുള്ളിലെ വെള്ളച്ചോർച്ചയെ ‘ഗംഭീരമായ ഷവർ സൗകര്യം’ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിച്ചത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി താഴേക്ക് ഒലിച്ചിറങ്ങുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. റെയിൽവേ ജീവനക്കാർ വൈപ്പറുകൾ ഉപയോഗിച്ച് വെള്ളം തുടച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രിയുടെയും നേതൃത്വത്തിൽ യാത്രക്കാർക്ക് ലഭിച്ച ‘പുതിയ സമ്മാനം’ ഇതാണെന്ന് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പരിഹസിച്ചു. കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഫസ്റ്റ് എസി കോച്ചിൽ തന്നെ ഷവർ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും യാത്രക്കാർക്ക് ഇനി ഇത് ആസ്വദിക്കാമെന്നും അവർ കുറിച്ചു. റെയിൽവേയുടെ അറ്റകുറ്റപ്പണികളെയും യാത്രാസൗകര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് വലിയ വിമർശനങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പരിഹാസഭരിതമായ കമന്റുകളുമായി രംഗത്തെത്തിയത്. ഭാരതത്തിലെ വികസനം ഇത്രയധികം വേഗതയിൽ കുതിച്ചുപായുന്നത് കൊണ്ടാണ് ഇതൊന്നും നിയന്ത്രിക്കാൻ കഴിയാത്തതെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. നമ്മുടെ ഈ പുരോഗതി കണ്ട് ജപ്പാൻ പോലും അസൂയപ്പെടുമെന്ന് മറ്റൊരാൾ പരിഹസിച്ചു. ഈ അടുത്ത കാലത്തായി എല്ലാ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഇതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ആയതുകൊണ്ടാണോ എന്ന് മറ്റൊരു ഉപയോക്താവും ചോദിക്കുന്നു.




