മധ്യപ്രദേശിലെ ബിയോറയിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായിക്കിടന്ന അജ്‌നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ബിട്ടുവിന്റെ ഈ അസാമാന്യ പരിശ്രമത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര അഭിനന്ദിച്ചു. ബിട്ടുവിനെ തന്റെ “തിങ്കളാഴ്ചത്തെ പ്രചോദനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രശസ്തിക്ക് വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന് പറഞ്ഞ് തുടക്കത്തിൽ ചിലർ വിമർശിച്ചിരുന്നു. എന്നാൽ നല്ല കാര്യങ്ങൾക്കായി ‘ലൈക്കുകൾ’ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും, അർത്ഥശൂന്യമായ കാര്യങ്ങളെക്കാൾ ഇത്തരം വലിയ കാര്യങ്ങളെ സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കട്ടെ എന്നുമാണ് ആനന്ദ് മഹിന്ദ്ര എക്‌സിൽ കുറിച്ചത്. ജനുവരി 26-ന് കുറച്ച് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ബിട്ടു നദി വൃത്തിയാക്കാൻ തുടങ്ങിയത്. എന്നാൽ വൈകാതെ തന്നെ സുഹൃത്തുക്കൾ പിന്മാറുകയും ബിട്ടു ഈ ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു. പരിമിതമായ ഉപകരണങ്ങൾ മാത്രമുപയോഗിച്ച് മലിനജലത്തിൽ ഇറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളും പായലുകളും മറ്റ് അവശിഷ്ടങ്ങളും ബിട്ടു നീക്കം ചെയ്തു.
വിമർശനങ്ങളെ അവഗണിച്ച് തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന ബിട്ടുവിന്റെ അധ്വാനം കാരണം അജ്‌നാർ നദി ഇന്ന് തെളിഞ്ഞ വെള്ളവുമായി മനോഹരമായി മാറിയിട്ടുണ്ട്. എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ നദിയുടെ പഴയ അവസ്ഥയും ഇപ്പോഴത്തെ മാറ്റവും ബിട്ടു പങ്കുവെക്കുന്നുണ്ട്. ഈ വീഡിയോകൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കാണുകയും പതിനായിരക്കണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു. ബിട്ടുവിനെ ഒരു യഥാർത്ഥ നായകനായാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. പർവ്വതങ്ങൾ വെട്ടിമാറ്റിയ മാഞ്ചി (Manjhi) യെപ്പോലെ നദിക്കായി പൊരുതിയ പോരാളിയാണ് ബിട്ടുവെന്നും, ഓരോരുത്തരും ഇതുപോലെ മുന്നിട്ടിറങ്ങിയാൽ നമ്മുടെ രാജ്യം പൂർണ്ണമായും വൃത്തിയുള്ളതാകുമെന്നും പലരും അഭിപ്രായപ്പെട്ടു.




