Lifestyle

ചായയും കാപ്പിയും ഒന്നിച്ചാൽ! എന്താണ് ഈ ‘ഡേർട്ടി ചായ’? പരമ്പരാഗത ചായയ്ക്ക് ഒരു ‘ബോൾഡ്’ ട്വിസ്റ്റ്

ചായ പ്രേമികൾക്കിടയിൽ പാരമ്പര്യവാദികളെന്നും പുത്തൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരെന്നും രണ്ട് വിഭാഗക്കാരുണ്ട്. ഇതിൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നവർക്കായി എത്തിയ ഒരു പുതിയ പാനീയമാണ് ‘ഡേർട്ടി ചായ്’ . സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത മസാല ചായയിൽ ഒരു ഷോട്ട് എസ്‌പ്രസ്സോ കോഫി കൂടി കലർത്തുമ്പോഴാണ് ഇത് തയ്യാറാകുന്നത്. ചായയുടെ തനിമ നഷ്ടപ്പെടുമെന്ന് പറഞ്ഞ് പലരും ഇതിനെ എതിർക്കാറുണ്ടെങ്കിലും, കഫീൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച അനുഭവമാണ്.

ലളിതമായി പറഞ്ഞാൽ, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പൂ എന്നിവ ചേർത്ത് തിളപ്പിച്ച ചായയിൽ പാലും ആവശ്യത്തിന് എസ്‌പ്രസ്സോ കോഫിയും ചേർത്തതാണ് ഡേർട്ടി ചായ്. ചായയുടെ തവിട്ട് നിറം കോഫി ചേരുന്നതോടെ കൂടുതൽ ഇരുണ്ടതാകുന്നത് കൊണ്ടാണ് ഇതിന് ‘ഡേർട്ടി’ (Dirty) എന്ന പേര് വന്നത്. ചായയുടെ മസാല ഗന്ധവും കോഫിയുടെ കയ്പ്പും ഒന്നുചേരുമ്പോൾ സവിശേഷമായ ഒരു രുചിയാണ് ലഭിക്കുന്നത്.

കഫീന്റെ അളവ് കൂടുതലായതിനാൽ ഉന്മേഷം നൽകുന്ന കാര്യത്തിൽ ഈ പാനീയം മുന്നിലാണ്. സാധാരണ ചായയേക്കാൾ കടുപ്പവും എന്നാൽ കോഫിയേക്കാൾ മൃദുവായ രുചിയുമാണ് ഇതിന്റെ പ്രത്യേകത. വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

നല്ല കടുപ്പമുള്ള ചായയും പാലും എസ്‌പ്രസ്സോയും മിക്സ് ചെയ്താൽ മാത്രം മതി. കൂടുതൽ കടുപ്പം വേണ്ടവർ രണ്ട് ഷോട്ട് എസ്‌പ്രസ്സോ ചേർക്കാറുണ്ട്, ഇതിനെ ‘ഡബിൾ ഡേർട്ടി’ എന്നാണ് വിളിക്കുന്നത്. ഓട്‌സ് മിൽക്ക് അല്ലെങ്കിൽ ആൽമണ്ട് മിൽക്ക് ഉപയോഗിച്ചും ഇതിൽ പരീക്ഷണങ്ങൾ നടത്താം. പാരമ്പര്യമായി ചായ കുടിക്കുന്നവർക്ക് ഇത് അല്പം വിചിത്രമായി തോന്നാമെങ്കിലും, വ്യത്യസ്തമായ രുചി ആഗ്രഹിക്കുന്നവർക്ക് ഡേർട്ടി ചായ് തീർച്ചയായും ഇഷ്ടപ്പെടും.