മകന്റെ വീരമൃത്യുവിൽ മനംനൊന്ത് കഴിഞ്ഞ 20 വർഷമായി സൈനികർക്കായി ഷൂ പാഡുകൾ (ഷൂവിനുള്ളിൽ വയ്ക്കുന്ന മെത്തകൾ) തുന്നി നൽകുന്ന ഒരു അമ്മയുടെ കഥ ചൈനയിലെ ചോങ്കിംഗിൽ നിന്ന് പുറത്തുവരികയാണ്. രാജ്യസേവനത്തിനിടെ മരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് ഇവർ കൈകൊണ്ട് നിർമ്മിച്ച് നൽകിയത്. സാങ് സിങ്‌ഹുയി എന്ന ഈ അമ്മയെ ഇന്ന് എല്ലാവരും “ഷൂ പാഡ് മോം” എന്നാണ് വിളിക്കുന്നത്.
2005-ൽ ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ ഒരു സഹപ്രവർത്തകനെ മണ്ണിടിച്ചിലിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാങ്ങിന്റെ മകൻ ഗു നു മരിക്കുന്നത്. അന്ന് അവന് വെറും 19 വയസ്സായിരുന്നു പ്രായം. മകനെ കാണാൻ പോകുന്നതിനായി 20 ജോഡി ഷൂ പാഡുകൾ തയ്യാറാക്കി കാത്തിരിക്കുമ്പോഴാണ് മരണവാർത്ത സാങ്ങിനെ തേടിയെത്തിയത്. പിന്നീട് ടിബറ്റിലെ മകന്റെ കല്ലറയ്ക്ക് മുന്നിലെത്തിയ സാങ്, അവിടെ അവന്റെ സഹപ്രവർത്തകരായ സൈനികർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിൽ കണ്ടു. ദുർഘടമായ മലനിരകളിലൂടെയുള്ള അവരുടെ യാത്രകളിൽ താൻ തുന്നിയ ഷൂ പാഡുകൾ ആശ്വാസമാകുമെന്ന് അവർ തിരിച്ചറിഞ്ഞു.
അന്ന് മുതൽ ആ സൈനികരുടെ അമ്മയായി മാറാൻ സാങ് തീരുമാനിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏഴ് തവണയാണ് അവർ ടിബറ്റിലെ സൈനിക ക്യാമ്പുകൾ സന്ദർശിച്ചത്. ഓരോ തവണ പോകുമ്പോഴും താൻ തുന്നിയ ഷൂ പാഡുകളും നാട്ടിലെ വിശേഷപ്പെട്ട ഭക്ഷണപദാർത്ഥങ്ങളും അവർ സൈനികർക്കായി കൊണ്ടുപോകാറുണ്ട്. ഷൂ പാഡുകൾ തുന്നാൻ ഉപയോഗിക്കുന്ന നീളമുള്ള നൂൽ തന്റെ മകനോടുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെ പ്രതീകമാണെന്ന് അവർ പറയുന്നു.
ഇപ്പോൾ എഴുപതുകളിൽ എത്തിയ സാങ്ങിന്റെ ആരോഗ്യത്തിൽ വീട്ടുകാർക്ക് ആശങ്കയുണ്ടെങ്കിലും, തനിക്ക് സൂചി പിടിക്കാൻ കഴിയുന്നിടത്തോളം കാലം ഈ സേവനം തുടരുമെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗു നുവിന്റെ കൂടെ ജോലി ചെയ്തിരുന്നവർ ഇന്ന് വിരമിച്ചെങ്കിലും ഇപ്പോഴും സാങ്ങിനെ ‘അമ്മ’ എന്ന് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്. തനിക്ക് ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും പകരം ഒരുപാട് മക്കളെ ലഭിച്ചുവെന്നാണ് ഈ അമ്മ വിശ്വസിക്കുന്നത്.




