Lifestyle

നിങ്ങളുടെ ആധാർ കാർഡ് ഒറിജിനലാണോ? വ്യാജ കാർഡുകൾക്ക് പൂട്ടുവീഴുന്നു! ആധികാരികത ഉറപ്പാക്കാൻ ‘ക്യുആർ കോഡ് സ്കാനർ’

ബാങ്കിംഗ് സേവനങ്ങൾ മുതൽ സിം കാർഡ് എടുക്കാനും സർക്കാർ പദ്ധതികൾക്കും ഹോട്ടൽ ചെക്ക്-ഇന്നിനും വരെ ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്നാൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചതോടെ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. പലപ്പോഴും നമ്മൾ നൽകുന്ന ആധാർ കോപ്പികൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ആധാർ കാർഡുകളുടെ ആധികാരികത പെട്ടെന്ന് പരിശോധിക്കാനുള്ള പുതിയ സംവിധാനവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ ആധാർ കാർഡിലെ ക്യുആർ (QR) കോഡ് സ്കാൻ ചെയ്ത് അത് അസ്സലാണോ വ്യാജമാണോ എന്ന് ഇനി നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം. ഇതിനായി യുഐഡിഎഐയുടെ ഔദ്യോഗിക ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യണം. ആപ്പിലെ ‘ക്യുആർ കോഡ് സ്കാനർ’ എന്ന ഓപ്ഷൻ തുറന്ന് ആധാർ കാർഡിലെ ക്യുആർ കോഡിന് നേരെ ക്യാമറ പിടിക്കുക. കോഡ് സ്കാൻ ചെയ്താലുടൻ കാർഡുടമയുടെ പേര്, ജനനത്തീയതി, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ സ്ക്രീനിൽ തെളിയും. വിവരങ്ങൾ ശരിയായി കാണിക്കുന്നുണ്ടെങ്കിൽ ആധാർ കാർഡ് യഥാർത്ഥമാണെന്ന് ഉറപ്പിക്കാം. വിവരങ്ങൾ തെറ്റായോ അല്ലെങ്കിൽ സ്കാൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിലോ അത് വ്യാജമാകാൻ സാധ്യതയുണ്ട്. ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന് ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കാൻ സാധിക്കും എന്നതാണ്.

3100-ലധികം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (DBT) പദ്ധതികൾക്കും 360 പൊതു സേവനങ്ങൾക്കും ഇന്ന് ആധാർ അവിഭാജ്യ ഘടകമാണ്. ആധാർ വഴിയുള്ള വെരിഫിക്കേഷൻ കൃത്യമായ ഗുണഭോക്താക്കളിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ സുരക്ഷിതമായി ലഭ്യമാക്കാൻ ആധാർ ഇന്ന് പൗരന്മാരെ സഹായിക്കുന്നു. പുതിയ സ്കാനിംഗ് സംവിധാനം കൂടി വരുന്നതോടെ ആധാർ സുരക്ഷ കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.