ഗാന്ധിനഗർ: നിർമിതബുദ്ധിയും ടെലഗ്രാം ഗ്രൂപ്പുകളും ദുരുപയോഗം ചെയ്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിവന്ന വൻ റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ പതിനെട്ടുകാരൻ രോഹിത് വീരേന്ദ്ര സിങ് ശാക്യയാണ് പിടിയിലായത്.
പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ പതിനാറാം വയസ്സു മുതൽ എ.ഐ ടൂളുകളും ടെലഗ്രാമും ഉപയോഗിച്ച് ഫോണുകൾ ഹാക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ നിർമ്മിച്ചു തുടങ്ങിയതായി പോലീസ് അറിയിച്ചു. ഝാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ കുറ്റവാളി സംഘങ്ങൾക്കാണ് ഇയാൾ ഈ വ്യാജ ആപ്പുകൾ പ്രധാനമായും വിറ്റഴിച്ചിരുന്നത്.
ബാങ്കുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിച്ച് നൽകാറുള്ള ഇയാളുടെ ശൃംഖല വഴി ആയിരക്കണക്കിന് ആളുകളിൽ നിന്നായി ഏകദേശം 64.38 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. സൂറത്തിൽ രജിസ്റ്റർ ചെയ്ത സൈബർ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. 2026 മേയിൽ ഇരയായ വ്യക്തിയുടെ വാട്സാപ്പിലേക്ക് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ‘പി.എൻ.ബി വൺ’ ആപ്പിനോട് സാദൃശ്യമുള്ള ഒരു എ.പി.കെ ഫയൽ സന്ദേശമായി എത്തി.
യഥാർത്ഥ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇത് ഇൻസ്റ്റാൾ ചെയ്ത ഉടൻ ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, ബാങ്ക് അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ കാൺപൂരിലെ ഒരു ഹോട്ടലിൽ വെച്ച് പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ഇരകളുടെ ഫോണിന്റെ നിയന്ത്രണം കവരുന്ന ആപ്പ്, തട്ടിപ്പുകാർക്ക് ഒ.ടി.പിയും ബാങ്കിങ് വിവരങ്ങളും തത്സമയം കാണാൻ സഹായിക്കുന്ന അഡ്മിൻ ആപ്പ് എന്നിവയാണ് ഇയാൾ നിർമ്മിച്ചു നൽകിയിരുന്നത്. എസ്.ബി.ഐ, പി.എൻ.ബി, ആക്സിസ് ബാങ്ക്, യുകോ ബാങ്ക്, ബിഗ്ബാസ്ക്കറ്റ്, അമേരിക്കൻ എക്സ്പ്രസ്സ്, ആർ.ടി.ഒ ചെല്ലാൻ തുടങ്ങിയവയുടെ വ്യാജ ലിങ്കുകൾ നിർമ്മിച്ചു നൽകിയതിന് ആദ്യപടിയായി 15,000 രൂപയും പിന്നീട് പ്രതിമാസ വരിസംഖ്യയായി 15,000 രൂപ വീതവും ഇയാൾ കുറ്റവാളികളിൽ നിന്ന് ഈടാക്കിയിരുന്നു.




