ഐപിഎൽ 2026 സീസണിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഒരു റണ്ണിന്റെ ആവേശ വിജയം. അവസാന പന്തുവരെ നീണ്ട നാടകീയതയ്ക്കും വൈഡിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കുമൊടുവിലാണ് ഗുജറാത്ത് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഗുജറാത്ത് വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ, സീസണിൽ മികച്ച ഫോമിലായിരുന്ന ഡൽഹിയുടെ ആദ്യ പരാജയമാണിത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ കെ.എൽ. രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹിക്ക് പ്രതീക്ഷ നൽകിയത്. 52 പന്തിൽ നിന്ന് 92 റൺസെടുത്ത രാഹുലും 41 റൺസ് വീതം നേടിയ പതും നിസംഗയും ഡേവിഡ് മില്ലറും ഡൽഹിക്കായി പൊരുതി. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ-നിസംഗ സഖ്യം 76 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകിയെങ്കിലും ഒൻപതാം ഓവറിൽ നിസംഗയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. പിന്നാലെ വന്ന മധ്യനിര ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് ഡൽഹിക്ക് തിരിച്ചടിയായത്. നിതീഷ് റാണ, സമീർ റിസ്വി, അക്ഷർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് തിളങ്ങാനായില്ല. മികച്ച രീതിയിൽ കളിച്ചിരുന്ന രാഹുലിനെ മുഹമ്മദ് സിറാജ് മടക്കിയതോടെ ഡൽഹി സമ്മർദ്ദത്തിലായി.
അവസാന രണ്ട് ഓവറിൽ 36 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഘട്ടത്തിൽ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് പോരാട്ടം കടുപ്പിച്ചു. സിറാജ് എറിഞ്ഞ 19-ാം ഓവറിൽ 23 റൺസ് പിറന്നതോടെ ലക്ഷ്യം ആറ് പന്തിൽ 13 റൺസായി കുറഞ്ഞു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ നിഗം ഫോർ അടിച്ചെങ്കിലും അടുത്ത പന്തിൽ താരം പുറത്തായി. പിന്നീട് കുൽദീപ് യാദവ് സിംഗിളെടുത്തു മില്ലർക്ക് സ്ട്രൈക്ക് നൽകി. നാലാം പന്തിൽ മില്ലർ സിക്സർ അടിച്ചതോടെ മൂന്ന് പന്തിൽ രണ്ട് റൺസ് എന്ന നിലയിലായി കളി. എന്നാൽ അഞ്ചാം പന്ത് ഡോട്ട് ബോളായതും അവസാന പന്തിൽ കുൽദീപ് റൺഔട്ടായതും ഡൽഹിക്ക് വിനയായി. അവസാന പന്തിൽ വൈഡ് അനുവദിക്കാത്തതിനെ ചൊല്ലിയുള്ള റിവ്യൂവും ഡൽഹിക്ക് അനുകൂലമാകാത്തതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും അർധ സെഞ്ചറികൾ നേടിയ വാഷിങ്ടൻ സുന്ദർ, ജോസ് ബട്ലർ എന്നിവരുടെയും കരുത്തിലാണ് 210 റൺസെടുത്തത്. 45 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത ഗില്ലാണ് ഗുജറാത്തിന്റെ സ്കോറിന് അടിത്തറയിട്ടത്. സായ് സുദർശനെ തുടക്കത്തിൽ നഷ്ടമായെങ്കിലും പവർപ്ലേയിൽ ഗില്ലും ബട്ലറും ചേർന്ന് സ്കോർ ഉയർത്തി. മധ്യ ഓവറുകളിൽ വാഷിങ്ടൻ സുന്ദറും തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ഡൽഹിക്കായി കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, മുകേഷ് കുമാർ എന്നിവർ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും വലിയ സ്കോർ തടയാനായില്ല.




