Featured Oddly News

68 വർഷം തുടര്‍ച്ചയായി എക്കിൾ! 43 കോടി തവണ, രണ്ട് വിവാഹങ്ങൾ, എട്ട് മക്കൾ; ലോകത്തെ അമ്പരപ്പിച്ച ആ മനുഷ്യന്റെ കഥ

1922-ൽ ഐയവയിലെ ആന്തണിലുള്ള ഒരു കർഷകൻ തന്റെ പന്നിയെ തൂക്കി നോക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അബദ്ധവശാല്‍ പന്നി അയാളുടെ മേലേയ്ക്ക് വീഴുകയും അയാൾ തെന്നി വീഴുകയും ചെയ്തു. ആ നിമിഷം ചാൾസ് ഓസ്ബോൺ എന്ന ആ മനുഷ്യന്റെ തലച്ചോറിലെ ഒരു ചെറിയ രക്തക്കുഴൽ പൊട്ടി. ഈ പൊട്ടല്‍ ഹിക്കപ്പ് അഥവാ എിക്കിളിനെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് കേടുപാടുകൾ വരുത്തി. എഴുന്നേറ്റു നിന്ന ഓസ്ബോണിന് എിക്കിൾ എടുക്കാന്‍ തുടങ്ങി; വിചിത്രമെന്ന് പറയട്ടെ അത് പിന്നെ 68 വർഷത്തേക്ക് നിലച്ചില്ല !

യുദ്ധങ്ങളോ സാഹസികതകളോ നിറഞ്ഞതല്ലെങ്കിലും, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം അവിശ്വസനീയമായ ഒന്നായിരുന്നു ഓസ്ബോണിന്റെ ജീവിതം. തുടക്കത്തിൽ മിനിറ്റിൽ 40 തവണ അദ്ദേഹത്തിന് എക്കിൾ എടുക്കുമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അത് മിനിറ്റിൽ 20 തവണയായി കുറഞ്ഞു. 68 വർഷം കൊണ്ട് ഏകദേശം 43 കോടി തവണ അദ്ദേഹം എിക്കിൾ എടുത്തിട്ടുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു.

എങ്കിലും ഓസ്ബോൺ തന്റെ ജീവിതം സങ്കടത്തിലോ ഒറ്റപ്പെടലിലോ തള്ളിനീക്കിയില്ല. അദ്ദേഹം രണ്ടുതവണ വിവാഹം കഴിച്ചു, എട്ടു മക്കളുടെ പിതാവായി, കൃഷിപ്പണിയും മറ്റ് ജോലികളും ചെയ്തു. നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഡോക്ടർമാർക്ക് ഈ അവസ്ഥ ഒരു അത്ഭുതമായിരുന്നു; പല പഠനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ എക്കിളിന് വലിയ ശബ്ദമില്ലെന്നും ശ്വാസം വിടുന്നതിനിടയിൽ താൻ അത് ശീലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അയൽക്കാർ പോലും കാലക്രമേണ അത് ശ്രദ്ധിക്കാതെയായി.

ലോകത്ത് ഏറ്റവും കൂടുതൽ കാലം എക്കിൾ എടുത്ത വ്യക്തി എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും അദ്ദേഹം ഇടംപിടിച്ചു. ‘ദി ടുനൈറ്റ് ഷോ’ പോലുള്ള പരിപാടികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടും നിന്നും ആളുകൾ അദ്ദേഹത്തിന് പരിഹാരങ്ങൾ നിർദ്ദേശിച്ചു. ശ്വാസം അടക്കിപ്പിടിച്ചും, തലകീഴായി വെള്ളം കുടിച്ചും, പേടിപ്പിച്ചും മറ്റും പല വിദ്യകൾ പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ വിധിക്ക് കീഴടങ്ങി അദ്ദേഹം ആ ജീവിതവുമായി മുന്നോട്ട് പോയി. കൃഷിയും സാമൂഹിക ജീവിതവുമായി അദ്ദേഹം തിരക്കിലായിരുന്നു. എക്കിൾ തന്നെ അലട്ടുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.

എന്നാൽ 1990-ൽ തികച്ചും അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. 68 വർഷങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ഓസ്ബോണിന്റെ എക്കിൾ നിന്നിരുന്നു. അതിന് കൃത്യമായ വൈദ്യശാസ്ത്ര വിശദീകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അന്ന് അദ്ദേഹത്തിന് 96 വയസ്സായിരുന്നു. തന്റെ ജീവിതത്തിലെ ബാക്കി 11 മാസങ്ങൾ എിക്കിളിന്റെ ശല്യമില്ലാത്ത ശാന്തമായ അവസ്ഥ അദ്ദേഹം അനുഭവിച്ചു.

1991 മെയ് മാസത്തിൽ 97-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഒരു ശ്വാസം പോലും സമാധാനമായി എടുക്കാൻ കഴിയാത്ത അവസ്ഥയിലും കുടുംബവും ജീവിതവും കെട്ടിപ്പടുത്ത ഒരു മനുഷ്യന്റെ അസാധാരണമായ കഥയാണിത്. 1922-ൽ പന്നി തട്ടി താഴെ വീണെങ്കിലും അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ വന്നു. പിന്നീട് ഏഴ് പതിറ്റാണ്ടോളം ആ വീഴ്ചയുടെ അടയാളമായി എക്കിൾ അദ്ദേഹത്തെ പിന്തുടർന്നു— മരണം വരെ.