ഇന്ത്യന്‍ വിവാഹങ്ങള്‍ പരമ്പരാഗതമായി അഗ്നിസാക്ഷിയായാണ് ആചാരപരമായി നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വിറകില്ലെങ്കില്‍ എന്തുചെയ്യും? വിവാഹച്ചടങ്ങിന് അത്യാവശ്യമായ ഇത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart). വിവാഹത്തിനിടെ ഹോമകുണ്ഡത്തിലേക്ക് ആവശ്യമായ വിറക് തീർന്നുപോയപ്പോൾ, അവസാന നിമിഷം രക്ഷകനായി എത്തിയത് ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളിയായിരുന്നു.
ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എത്ര കൃത്യമായി പ്ലാൻ ചെയ്താലും ഇന്ത്യൻ വിവാഹങ്ങളിൽ അവസാന നിമിഷം എന്തെങ്കിലും മറന്നുപോകുന്നത് പതിവാണ്. ഈ വിവാഹത്തിലും ഹോമത്തിന് വിറക് അത്യാവശ്യമായി വന്നപ്പോൾ പതറാതെ ആരോ ഓൺലൈനായി ഓർഡർ ചെയ്യുകയായിരുന്നു.
സുപ്രിയ മട്ടപ്പള്ളി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, അതിഥികൾ ഓടിച്ചെന്ന് ഡെലിവറി ബോയിയിൽ നിന്ന് പാക്കറ്റ് വാങ്ങുന്നതും നേരെ മണ്ഡപത്തിലേക്ക് എത്തിക്കുന്നതും കാണാം. “കല്യാണം മൊത്തം പത്ത് മിനിറ്റിലെ ഡെലിവറിയിൽ തൂങ്ങിനിൽക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘യഥാർത്ഥ വെഡിങ് പ്ലാനർ’ എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ “ഇനി മറ്റെന്തെങ്കിലും വേണോ? ഇപ്പോൾ തന്നെ എത്തിച്ചുതരാം” എന്ന സ്വിഗ്ഗിയുടെ രസകരമായ മറുപടിയും ശ്രദ്ധിക്കപ്പെട്ടു. പലചരക്ക് സാധനങ്ങൾക്കും ഭക്ഷണത്തിനും പുറമെ, അത്യാവശ്യ ഘട്ടങ്ങളിൽ ഇത്തരം ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതെന്ന് ഈ സംഭവം കാണിച്ചുതരുന്നു.




