Crime

ബ്ലേഡുകൊണ്ട് ചോരക്കുഞ്ഞിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈയ്യമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

വെള്ളറട ∙ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവായ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടൻ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. മൂന്ന് വർഷം മുൻപ് വിവാഹിതയായ ഷംനയ്ക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. നിലവിലുള്ള കുഞ്ഞിനെ നോക്കാൻ തന്നെ പ്രയാസപ്പെടുന്നതിനാലാണ് പുതിയ കുഞ്ഞിനെ വേണ്ടെന്നു വെച്ചതെന്നാണ് കൊലപാതക കാരണമായി ഷംന പറയുന്നത്. ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം നടന്നത്.

ഞായറാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് അൽത്താഫ് കാണുന്നത് വയറുവേദനയെത്തുടർന്ന് അവശനിലയിലായ ഷംനയെയാണ്. ഉടൻ തന്നെ ബന്ധുവിനൊപ്പം ഷംനയെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷയിൽ കയറ്റി. ഈ സമയത്ത് ഷംനയുടെ ചെരുപ്പ് എടുക്കാനായി മുറിയിൽ തിരികെ എത്തിയപ്പോഴാണ് അൽത്താഫ് കട്ടിലിനടിയിൽ രക്തം പുരഞ്ഞ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.

കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. തന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം താനോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പൊലീസിന് നൽകിയ മൊഴി. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഷംനയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും കൂടുതൽ തെളിവെടുപ്പിനുമായി പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. സംഭവത്തിൽ ആര്യങ്കോട് എസ്എച്ച്ഒ കെ.പി. വിനോദിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.