Featured Good News

‘നമ്മള്‍ ഒറ്റക്കാവില്ലെന്ന് ബോധ്യമായി, കേരളാ പൊലീസില്‍ നിന്ന് അര്‍ദ്ധരാത്രിയുണ്ടായ അനുഭവം, ബിഗ് സല്യൂട്ട്’

കേരള പോലീസിൽ നിന്നുണ്ടായ ഹൃദ്യമായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വീറ്റി എബ്രഹാം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി നേരിട്ട ഒരു പ്രതിസന്ധിയിൽ പോലീസ് എങ്ങനെ തുണയായെന്നാണ് സ്വീറ്റി റീലിലൂടെ വ്യക്തമാക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഇങ്ങനെ ഒരു സഹായം പോലീസിൽ നിന്ന് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വീറ്റി ആമുഖമായി പറയുന്നു.

റീചാർജ് കാലാവധി കഴിഞ്ഞതറിയാതെ ഇരുന്നതിനാൽ രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ഇന്റർനെറ്റ് ബന്ധം നിലച്ചു. വൈഫൈ സൗകര്യമില്ലാതിരുന്നതിനാലും കൂടെ സുഹൃത്തുക്കൾ ഇല്ലാതിരുന്നതിനാലും അത്യാവശ്യമായ ജോലി പൂർത്തിയാക്കാൻ കഴിയാതെ സ്വീറ്റി കുടുങ്ങിപ്പോയി. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുമ്പോഴാണ് സഹായത്തിനായി 100-ൽ വിളിക്കാൻ തീരുമാനിച്ചത്. പോലീസിനെ ഇത്തരമൊരു ആവശ്യത്തിനായി വിളിക്കാമോ എന്ന് അറിയില്ലായിരുന്നുവെങ്കിലും മറ്റൊരു വഴിയുമില്ലാത്തതിനാലാണ് താൻ വിളിച്ചതെന്ന് അവർ വീഡിയോയിൽ പറയുന്നു.

നെറ്റ് തീർന്നുപോയെന്നും ഒരു മെയിൽ അയക്കാൻ അത്യാവശ്യമായി ഇന്റർനെറ്റ് വേണമെന്നും അതുകൊണ്ട് വീട്ടിൽ വിളിച്ച് റീചാർജ് ചെയ്യാൻ പറയാമോ എന്നുമായിരുന്നു സ്വീറ്റിയുടെ ആവശ്യം. വളരെ പോസിറ്റീവായി മറുപടി നൽകിയ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വീട്ടിൽ വിളിച്ച് വിവരം കൈമാറി.

മിനിറ്റുകൾക്കുള്ളിൽ അച്ഛൻ തിരിച്ചുവിളിക്കുകയും സൈബർ സെല്ലിൽ നിന്ന് വിളിച്ചിരുന്നെന്നും എന്താണ് കാര്യമെന്നും തിരക്കി. ചെറിയൊരു ആവശ്യമായിരുന്നിട്ടും തന്നെ സഹായിച്ച കേരള പോലീസിന് ബിഗ് സല്യൂട്ട് നൽകുന്നതായും എവിടെ ഒറ്റപ്പെട്ടുപോയാലും പോലീസ് കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ഈ അനുഭവം നൽകുന്നതെന്നും സ്വീറ്റി കൂട്ടിച്ചേർത്തു.