Featured Lifestyle

രഹസ്യഭാഗങ്ങളും കഴിഞ്ഞു, ശരീരത്തില്‍ ഇനി ചെയ്യാനിടമില്ല; ടൂത്ത് ടാറ്റൂകളിലേക്ക് തിരിഞ്ഞ് യുവതലമുറ

ശരീരത്തിലെ കാണാവുന്ന ഭാഗങ്ങളിലായിരുന്നു ആദ്യം ടാറ്റു ചെയ്യല്‍. പിന്നീട് അത് ശരീരത്തിലെ രഹസ്യഭാഗങ്ങളിലേയ്ക്ക് മാറി. അങ്ങനെ തൊലിപ്പുറത്തു ടാറ്റു ചെയ്യാവുന്ന എല്ലാ സ്ഥലങ്ങളും തീര്‍ന്നപ്പോള്‍ ടാറ്റു ശരീരത്തിനുള്ളിലേയ്ക്ക് കടക്കുന്നു. ചൈനീസ് മാധ്യമമായ ഗുവാങ്മിംഗിന്റെ റിപ്പോർട്ട് അനുസരിച്ച്, പല്ലുകളില്‍ ടാറ്റൂ ചെയ്യുന്നതാണ് ഇപ്പോള്‍ ചൈനയിലെ യുവതലമുറയുടെ പുതിയ ട്രെന്‍ഡ്.

പല്ലുകളില്‍ ചിഹ്നങ്ങളും ചിത്രങ്ങളും പച്ചകുത്തുന്നത് വായയുടെ ആരോഗ്യത്തിന് ദോഷകരമായി തോന്നുമെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. പല്ലില്‍ നേരിട്ടല്ല ടാറ്റൂ ചെയ്യുന്നത്, മറിച്ച് 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ക്രൗണിന്റെ ഉപരിതലത്തിലാണ് ടാറ്റൂ ചെയ്യുന്നത്. ഈ ക്രൗണ്‍ പിന്നീട് യഥാര്‍ത്ഥ പല്ലിന് മുകളില്‍ വെക്കുന്നു.

എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത ചര്‍മ്മത്തിലെ ടാറ്റൂകളില്‍ നിന്ന് വ്യത്യസ്തമായി, ക്രൗണ്‍ മാറ്റി സ്ഥാപിച്ചുകൊണ്ട് ടൂത്ത് ടാറ്റൂകള്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ചര്‍മ്മത്തിലെ ടാറ്റൂകള്‍ പഴഞ്ചനായി എന്നും ടൂത്ത് ടാറ്റൂകള്‍ സ്വന്തം വ്യക്തിത്വം പ്രകടിപ്പി ക്കാനുള്ള പുതിയതും ആകര്‍ഷകവുമായ മാര്‍ഗ്ഗമാണെന്നും ചിലര്‍ കരുതുന്നു.

ടൂത്ത് ടാറ്റൂകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില ആളുകള്‍ തങ്ങളുടെ പങ്കാളികളുടെ പേരുകളുടെ ആദ്യ അക്ഷരങ്ങള്‍, ഭാഗ്യ നമ്പറുകള്‍, ഭാഗ്യം കൊണ്ടുവരുന്ന വാക്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നു. ഈ ട്രെന്‍ഡ് വളരെ പ്രചാരത്തിലായതിനാല്‍ വലിയ ദന്താശുപത്രികള്‍ തങ്ങളുടെ ക്ലിനിക്കുകളില്‍ ക്രൗണ്‍ ചെയ്യുന്നവര്‍ക്ക് ടൂത്ത് ടാറ്റൂകള്‍ സൗജന്യ ബോണസായി പരസ്യം ചെയ്യാന്‍ തുടങ്ങി.

ടൂത്ത് ടാറ്റൂകള്‍ക്ക് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, എല്ലാവരും ഇത് ശുപാര്‍ശ ചെയ്യുന്നില്ല. ക്രൗണുകളില്‍ അക്ഷരങ്ങളോ ഡിസൈനുകളോ കൊത്തുമ്പോള്‍ ക്രൗണിന്റെ ബലം കുറയുകയും തേയ്മാനം കൂടുകയും ചെയ്യുമെന്നതിനാല്‍ ഇത് വൈദ്യശാസ്ത്രപരമായി ശുപാര്‍ശ ചെയ്യുന്നില്ല എന്നാണ്.

എന്നാല്‍ ഏറ്റവും വിചിത്രമോ ഭ്രാന്തമായതോ ആയ സൗന്ദര്യ ട്രെന്‍ഡല്ല ഇത്. തായ്ലന്‍ഡിലെ ‘ഹോണ്‍-ഷേപ്പ്ഡ് ലിപ്‌സ്’ അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലെ ‘ഷോള്‍ഡര്‍ ഫില്ലര്‍’ ട്രെന്‍ഡിനോട് പോലും ഇത് അടുത്ത് വരുന്നില്ല.