Crime

ഭാര്യയുമായുള്ള അസ്വാഭാവിക ലൈംഗിക ബന്ധം ബലാത്സംഗമല്ല; യുവതിയുടെ പരാതി തളളി ഹൈക്കോടതി

ഭോപ്പാല്‍: ലൈംഗികപീഡനവും സ്‌ത്രീധന പീഡനവും ആരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരായ എഫ്‌.ഐ.ആര്‍. ഭാഗികമായി റദ്ദാക്കി മധ്യപ്രദേശ്‌ ഹൈക്കോടതി. വിവാഹബന്ധത്തിനുള്ളിലെ ലൈംഗികബന്ധം ബലാത്സംഗമായോ പ്രകൃതിവിരുദ്ധ കുറ്റമായോ കണക്കാക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റിസ്‌ മിലിന്ദ്‌ രമേശ്‌ പട്‌കെയുടെ ഉത്തരവ്‌.

ഭാര്യ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരേയുള്ള എഫ്‌.ഐ.ആറിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയാണ്‌ കോടതിയുടെ നിര്‍ണായക നിരീക്ഷണം.’വിവാഹബന്ധത്തില്‍ ലൈംഗികതയ്‌ക്കുള്ള സമ്മതം എന്നത്‌ നിയമപരമായി പ്രസക്‌തമല്ല’ എന്ന്‌ ജസ്‌റ്റിസ്‌ മിലിന്ദ്‌ രമേഷ്‌ പട്‌കെ നിരീക്ഷിച്ചു. ഐ.പി.സി. സെക്‌ഷന്‍ 375-ലെ ഇളവ്‌ 2 പ്രകാരം, പ്രായപൂര്‍ത്തിയായ ഭാര്യയുമായി ഭര്‍ത്താവ്‌ നടത്തുന്ന ലൈംഗിക ബന്ധമോ മറ്റ്‌ ലൈംഗിക പ്രവൃത്തികളോ ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന്‌ കോടതി വ്യക്‌തമാക്കി.

ഭാര്യയെ ഭര്‍ത്താവ്‌ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ല. വിവാഹബന്ധത്തിനുള്ളിലെ ഇത്തരം പ്രവൃത്തികള്‍ ഐ.പി.സി. 377 വകുപ്പിന്റെ പരിധിയില്‍ വരില്ല. അതിനാല്‍ ഈ വകുപ്പ്‌ പ്രകാരമുള്ള നിയമനടപടികളും ഹൈക്കോടതി ഒഴിവാക്കി. പരാതിക്കാരി ഉന്നയിച്ച നിര്‍ബന്ധിത ലൈംഗിക പ്രവൃത്തികള്‍ സത്യമാണെങ്കില്‍ പോലും, അവ ദാമ്പത്യ ജീവിതത്തിനിടയില്‍ നടന്നതായതിനാല്‍ കുറ്റകൃത്യമായി കാണാന്‍ നിയമപരമായി കഴിയില്ലെന്ന്‌ കോടതി പറഞ്ഞു.

ലൈംഗിക പീഡനാരോപണങ്ങള്‍ കോടതി റദ്ദാക്കിയെങ്കിലും ഭര്‍ത്താവിനെതിരേയുള്ള സ്‌ത്രീധന പീഡനം, ക്രൂരത, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ തുടരാന്‍ കോടതി ഉത്തരവിട്ടു. സ്‌ത്രീധനമായി നാലു ലക്ഷം രൂപയും ആഭരണങ്ങളും നല്‍കിയിട്ടും ഭര്‍ത്താവും കുടുംബവും കൂടുതല്‍ പണം ആവശ്യപ്പെട്ട്‌ പീഡിപ്പിച്ചതായും, ഭര്‍ത്താവ്‌ പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ നിര്‍ബന്ധിച്ചതായും കാണിച്ചാണ്‌ യുവതി പരാതി നല്‍കിയിരുന്നത്‌. തെളിവുകളുടെ അഭാവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിക്കെതിരായ നടപടികളും കോടതി റദ്ദാക്കി.