Crime

രഹസ്യ ശവസംസ്‌കാരങ്ങളും കാണാതായ പെണ്‍കുട്ടികളും ! ധര്‍മ്മസ്ഥലയില്‍ എന്താണ് നടക്കുന്നത് ?

ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യമായി കര്‍ണാടകയിലെ ധര്‍മ്മസ്ഥല മാറിയിട്ടുണ്ട്. അതിന് കാരണമായിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്ന ഒന്നിലധികം കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളെ കാണാതായ കേസുകള്‍ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

1998 നും 2014 നും ഇടയില്‍ നൂറിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബ ന്ധിതനായ ഒരു മുന്‍ ശുചിത്വ തൊഴിലാളി കോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പെടുന്ന ധര്‍മ്മസ്ഥല പെട്ടെന്ന് വിവാദ വിഷയമായി മാറിയത്. ക്ഷേത്രനഗരത്തിലെ കൊലപാതകങ്ങളുടെ വേദനാജനകമായ വിവരങ്ങള്‍ പുറത്തുവന്നത് താന്‍ സംസ്‌കരിച്ച മൃതദേഹങ്ങളെക്കുറിച്ചുള്ള വെളിപ്പെ ടുത്തലായിരുന്നു. ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയരായ സ്ത്രീക ളുടെ മൃതദേഹങ്ങളായിരുന്നു അവയെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നത്.

തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി അസ്ഥികൂട അവശിഷ്ടങ്ങളുടെ ഫോട്ടോഗ്രാഫിക് തെളിവുകളും അയാള്‍ നല്‍കി. സ്‌കൂള്‍ യൂണിഫോമില്‍ കുഴിച്ചിടപ്പെട്ട് ലൈംഗിക പീഡനത്തിനിരയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, ആസിഡ് ഒഴിച്ച് മുഖത്ത് പൊള്ളലേറ്റ 20 വയസ്സുള്ള ഒരു സ്ത്രീ എന്നിവരുള്‍പ്പെടെ ഈ ഭയാനകമായ കഥയിലെ ഇരകളുടെ കഥകളും അദ്ദേഹം വിവരിച്ചു.

2014 ഡിസംബറില്‍ ധര്‍മ്മസ്ഥലയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കുടുംബത്തെയും സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ച ആളുകളുമായി ബന്ധമുള്ള ഒരാള്‍ ആക്രമിച്ചതോടെ ഇയാള്‍ അവിടുന്ന് പലായനം ചെയ്തു. കുറ്റബോധത്താല്‍ അടുത്തിടെ തിരിച്ചെത്തി വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള കുറ്റവാളികള്‍ക്ക് ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ഭരണകൂടവുമായി ബന്ധമുണ്ടെന്നും പ്രദേശത്ത് ഗണ്യമായ സ്വാധീനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്ന് ഭയന്ന് പ്രതിയുടെ പേര് വ്യക്തമാക്കുന്ന ഒരു സീല്‍ ചെയ്ത കവര്‍ സുപ്രീം കോടതി അഭിഭാഷകനായ കെ.വി. ധനഞ്ജയ്ക്ക് അദ്ദേഹം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഞെട്ടിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ഭരണകൂടം അവരുടെ ആദ്യ ഔദ്യോഗിക പ്രതികരണം പുറത്തിറക്കി. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ക്ഷേത്ര അതോറിറ്റി ‘ന്യായവും സുതാര്യവുമായ’ അന്വേഷണത്തിന് പിന്തുണ അറിയിക്കുകയും സത്യം പുറത്തുകൊണ്ടുവരും എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.