Featured Spotlight

സാരിയിൽ കോൺഗ്രസ്, സൽവാറിൽ BJP, പിന്നെ സ്വത​‍ന്ത്രയും; 2 പത്രികകൾ പിൻവലിച്ചു, പ്രധാൻ കസേര സ്വന്തമാക്കി യുവതി !

ജയ്പുർ : രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബ്രിജ്‌നഗർ പഞ്ചായത്ത് സമിതിയുടെ പ്രധാൻ സ്ഥാനത്തേക്ക് ( പ്രസിഡന്റ്) കോൺഗ്രസ്, ബിജെപി ടിക്കറ്റുകളിൽ മത്സരിച്ചത് ഒരേ യുവതി . നേരത്തെ വാർഡിൽനിന്ന് ജയിച്ച ബട്ടി കുമാരി ഗുർജാർ എന്ന യുവതിയെയാണ് ഇരുപാർട്ടികളും സ്ഥാനാർഥിയാക്കിയത്. ആദ്യം കോൺഗ്രസ് സ്ഥാനാർഥിയായി ബട്ടി കുമാരി നാമനിർദേശ പത്രിക നൽകി. തൊട്ടുപിന്നാലെ ബിജെപി സ്ഥാനാർഥിയായും ഇതേ യുവതി പത്രിക സമർപ്പിച്ചു. ഇരുപാർട്ടികൾക്കും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായും പ്രധാൻ തിരഞ്ഞെടുപ്പിലേക്ക് ബട്ടി കുമാരി പത്രിക കൊടുത്തിരുന്നു.

പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കോൺഗ്രസ്, സ്വതന്ത്ര സ്ഥാനാർഥികളായി നൽകിയ പത്രികകൾ യുവതി പിൻവലിച്ചു. ഇതോടെ എതിർസ്ഥാനാർഥികൾ ആരുമില്ലാതെയായി. തുടർന്ന് ബിജെപി ടിക്കറ്റിൽ ബട്ടി കുമാരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ രണ്ട് പാർട്ടികളുടെ പത്രിക സമർപ്പണത്തിനും വ്യത്യസ്ത വസ്ത്രങ്ങളാണ് യുവതി ധരിച്ചത്. ഇതും വലിയ ചർച്ചയായി. രാവിലെ 10 മണിയോടെ പ്രാദേശിക കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വാജിബ് അലിക്കൊപ്പമെത്തിയാണ് ബട്ടി കുമാരി കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയത്. ചുവന്ന സാരിയായിരുന്നു വേഷം. പത്രികയിൽ ഒപ്പിടുമ്പോൾ സാരി കൊണ്ട് മുഖം മറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പിന്നീട് കൃത്യം 53 മിനിറ്റിന് ശേഷം പച്ച നിറത്തിലുള്ള സൽവാർ ധരിച്ച് രാജസ്ഥാൻ മന്ത്രി ജവഹർ സിങ്ങിനൊപ്പം എത്തി ബിജെപി സ്ഥാനാർഥിയായും ബട്ടി കുമാരി പത്രിക സമർപ്പിച്ചു. മൂന്നാം തവണ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിക്കാൻ കുമാരി മഞ്ഞ സാരി ധരിച്ചാണ് എത്തിയത്. എന്നാൽ ഇത്തവണ അവർ മുഖം മറച്ചില്ല.


നേരത്തെ നടന്ന പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ 29 സീറ്റിൽ 16 സീറ്റും കോൺഗ്രസ് ജയിച്ചിരുന്നു. അവിടെ വെറും നാല് സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. സീറ്റ് നില പ്രകാരം കോൺഗ്രസ് സ്ഥാനാർഥി പ്രധാൻ സ്ഥാനത്തേക്ക് ജയിക്കേണ്ടിയിരുന്നതാണ്. എന്നാൽ മത്സരിക്കാൻ ആളില്ലാതായതോടെ ബിജെപിക്ക് പ്രധാൻ പദവി ലഭിച്ചു. ഈ സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് വാജിബ് അലി പാർട്ടി പദവികൾ രാജിവെച്ചു.