Featured Spotlight Uncategorized

ബില്ല് കത്തിച്ച സ്റ്റാലിനെയും പവാറിനെയും മോദി ഒപ്പം കൂട്ടിയത് എങ്ങനെ? DMKയെയും NCPയെയും വീഴ്ത്തിയ കഥ

ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയുടെ പ്രത്യേക സമ്മേളനം ചേരുമ്പോൾ, ആത്മവിശ്വാസമുള്ള ഒരു നരേന്ദ്ര മോദി സർക്കാറിനെയാകും കാണാന്‍ കഴിയുക . കഴിഞ്ഞ ഏതാനും മാസങ്ങളായി നീറ്റ് പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഉണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളും, “വോട്ട് ചോരി” ആരോപണം ഉയർത്തിയ പ്രതിപക്ഷ പ്രചാരണവും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്, കാരണം ഒരിക്കൽ അസാധ്യമെന്ന് തോന്നിയ കാര്യം നേടാൻ അവർ ഒരുങ്ങുകയാണ്.

ഏപ്രിലിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ പാക്കേജ് ഇത്തവണ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണകാലത്ത് പാർലമെന്റിൽ ഒരു സർക്കാർ ബിൽ ആദ്യമായി പരാജയപ്പെടാൻ കാരണമായ കക്ഷികൾ ഇപ്പോൾ അതിനെ പിന്തുണയ്ക്കാൻ തയ്യാറായിരിക്കുകയാണ്. എട്ടു മാസത്തിനുള്ളിൽ ഡിഎംകെയെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) യെയും ബിജെപി എങ്ങനെയാണ് ഒപ്പം നിർത്തിയതെന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യം.

ഏകദേശം ഒരു വർഷം മുൻപ് തന്നെ സർക്കാർ ഡിഎംകെയുമായി ചർച്ചകൾക്ക് വഴിതുറന്നിരുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അന്ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരുന്നതിനാൽ നിലപാട് മയപ്പെടുത്താൻ ഡിഎംകെ തയ്യാറായിരുന്നില്ല. ലോക്സഭയിൽ തമിഴ്‌നാടിന്റെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ഡിഎംകെയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്ന് ഇടനിലക്കാർ വഴി സർക്കാർ അറിയിച്ചിരുന്നു. ഏപ്രിലിൽ ബിൽ കൊണ്ടുവരുന്നതിന് മുൻപായിരുന്നു ഈ വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വർഷത്തിൽ ബില്ലിനെ പിന്തുണയ്ക്കുന്നതിന്റെ രാഷ്ട്രീയ വില നൽകാൻ ഡിഎംകെ തയ്യാറായിരുന്നില്ല.

ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മണ്ഡല പുനർനിർണയത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഏപ്രിൽ 16ന് കേന്ദ്ര ബില്ലിന്റെ പകർപ്പ് അദ്ദേഹം കത്തിക്കുകയും അതിനെ “കരിനിയമം” എന്ന് വിളിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളിൽ 50 ശതമാനം വർധന വരുത്തുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്ന് ഏപ്രിൽ 16, 17 തീയതികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കിയിട്ടും ഡിഎംകെ വഴങ്ങിയില്ല.

എന്നാല്‍ ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസത്തിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നതാണ് ചോദ്യം. അതാണ് ഡിഎംകെയുടെ 22 ലോക്സഭാ എംപിമാരെയും എട്ട് രാജ്യസഭാ എംപിമാരെയും ബില്ലിനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് മാറ്റിയത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമാണ് ഏറ്റവും വലിയ കാരണം. ഡിഎംകെ തിരഞ്ഞെടുപ്പിൽ തോറ്റത് അവരുടെ പരമ്പരാഗത എതിരാളികളായ എഐഎഡിഎംകെയോടല്ല, മറിച്ച് നടൻ സി. ജോസഫ് വിജയിന്റെ പുതിയ പാർട്ടിയായ തമിഴക വെട്രി കഴകത്തോടാണ് (ടിവികെ). 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് അകലെയാണ് ടിവികെ എത്തിയത്.

54 സീറ്റുകളുമായി വളരെ പിന്നിൽ പോയ ഡിഎംകെ തോൽവിയിൽ നിന്ന് കരകയറുന്നതിനിടെയാണ്, സഖ്യകക്ഷിയായി തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് നിലപാട് മാറ്റിയത്. ഡിഎംകെ വിട്ട് വിജയിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. 59 വർഷത്തിനിടെ ആദ്യമായാണ് കോൺഗ്രസിന് തമിഴ്‌നാട്ടിൽ ഭരണപങ്കാളിത്തവും രണ്ട് മന്ത്രിസ്ഥാനങ്ങളും ലഭിക്കുന്നത്.

ഈ നീക്കം ഡിഎംകെയെ ചൊടിപ്പിച്ചു; അവർ കോൺഗ്രസുമായും ഇൻഡ്യ സഖ്യവുമായും ബന്ധം ഉപേക്ഷിച്ചു. ലോക്സഭയിൽ കോൺഗ്രസിൽ നിന്ന് മാറി തങ്ങളുടെ എംപിമാർക്ക് ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. ഈ സംഭവവികാസങ്ങളിൽ ബിജെപി ഒരു അവസരം കണ്ടു.

മെയ് ഏഴിന് നൽകിയ കത്തിൽ, “മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള ഞങ്ങളുടെ സഖ്യം അവസാനിച്ചതിനാലും” പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടിരുന്നു. ആ അഭ്യർഥന ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ എൻസിപി (എസ്പി) യുടെ കാര്യമെടുത്താൽ, ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കിയപ്പോൾ പാർട്ടി പിളർത്തിയതിന് ബിജെപി ആരോപണം നേരിട്ട കക്ഷിയാണിത്. എന്നിട്ടും മണ്ഡല പുനർനിർണയ നീക്കത്തിൽ എൻസിപി (എസ്പി) ഇപ്പോൾ സർക്കാരിനെ പിന്തുണയ്ക്കുന്നു. ഏപ്രിലിനും ഇപ്പോഴുമിടയിൽ, ജൂലൈയിലെ വർഷകാല സമ്മേളനത്തിലാണ് ഡിഎംകെയെയും എൻസിപി (എസ്പി) യെയും അടുപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി നടത്തിയത്.

മണ്ഡല പുനർനിർണയ നീക്കത്തെക്കുറിച്ച് ഡിഎംകെയുമായി സംസാരിക്കുന്നതിനിടെ, എൻസിപിയുടെ ഇരുവിഭാഗങ്ങളെയും ലയിപ്പിച്ച് എൻഡിഎയിൽ ചേർക്കാനും ബിജെപി ശ്രമിച്ചു. അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും മകൻ പാർഥ് പവാറും തയ്യാറാകാത്തതിനാൽ ആ ലയനം നടന്നില്ല. ജനുവരിയിൽ ഭർത്താവിന്റെ മരണശേഷം എൻസിപി അധ്യക്ഷയായി ചുമതലയേറ്റ സുനേത്ര പവാർ, ലയനത്തെ ശക്തമായി എതിർക്കുന്നതായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി/എൻഡിഎ സഖ്യ നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും എൻസിപി (എസ്പി) യെ പ്രത്യേക പാർട്ടിയായി എൻഡിഎയിലേക്ക് സ്വാഗതം ചെയ്യാമെന്നും നിലപാടുണ്ടായിരുന്നു.

ശരദ് പവാറുമായി ബിജെപി ചർച്ചകൾ തുടർന്നു. വർഷകാല സമ്മേളനത്തിനിടെ പാർട്ടിയുടെ എട്ട് ലോക്സഭാ എംപിമാർക്കൊപ്പം പവാർ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. മഹാരാഷ്ട്രയിലെ വരൾച്ചാ സാഹചര്യമായിരുന്നു ഓഗസ്റ്റ് 10ലെ കൂടിക്കാഴ്ചയുടെ ഔദ്യോഗിക അജണ്ടയെങ്കിലും, മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ തേടുന്ന സർക്കാർ നീക്കവുമായി ഇതിനെ ബന്ധപ്പെടുത്തിയാണ് കണ്ടത്.

പിന്നീട് 85കാരനായ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ വിളിച്ച് ആരോഗ്യവിവരം തിരക്കി. “ഇനി വിശ്രമിക്കണം” എന്നും, താനും പവാറിന്റെ മകൾ സുപ്രിയ സുലെയും “ഒരുമിച്ച് രാജ്യകാര്യങ്ങൾ നോക്കിക്കൊള്ളാം” എന്നും പ്രധാനമന്ത്രി പറഞ്ഞതായി മുതിർന്ന നേതാവിന്റെ അടുത്ത വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി. എൻസിപി (എസ്പി) യെ എൻഡിഎയിൽ എത്തിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയിൽ സുലെയ്ക്ക് സ്ഥാനം നൽകുന്നതിനുമുള്ള സാധ്യതയുമായി ഇത് ബന്ധപ്പെട്ടിരുന്നു.

ഈ കൂടിക്കാഴ്ചകൾക്ക് പുറമെ, ഡിഎംകെയുടെയും എൻസിപി (എസ്പി) യുടെയും നിലപാട് മയപ്പെടുത്താൻ വർഷകാല സമ്മേളനത്തിൽ സർക്കാർ മറ്റ് നടപടികളും സ്വീകരിച്ചു. സമ്മേളനം തുടങ്ങുന്നതിന് മുൻപ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, വിക്സിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ എന്ന വിദ്യാഭ്യാസ ബിൽ, 30 ദിവസം ജയിലിൽ കിടക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രിമാരെ നീക്കാനുള്ള ബിൽ, എൻജിഒകളുടെ സാമ്പത്തിക സ്രോതസ്സുകളെ ബാധിക്കുന്ന ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ തുടങ്ങി നിരവധി പ്രധാന ബില്ലുകൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.

ആദ്യത്തെ മൂന്ന് ബില്ലുകളിലെ സംയുക്ത പാർലമെന്ററി സമിതികളുടെ (ജെപിസി) റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും സമ്മേളനത്തിൽ തന്നെ പാസാക്കാനാകുമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. വിവാദമായ എഫ്‌സിആർഎ ഭേദഗതി ബില്ലും അതേ സമ്മേളനത്തിൽ പാസാക്കാൻ സർക്കാർ ആദ്യം ഉദ്ദേശിച്ചിരുന്നു. എന്നാൽ എല്ലാ ജെപിസികളുടെയും കാലാവധി നീട്ടി, അവയൊന്നും റിപ്പോർട്ട് സമർപ്പിച്ചില്ല. എഫ്‌സിആർഎ ബില്ലും ജെപിസിക്ക് വിട്ടു.

ഈ ബില്ലുകളെയെല്ലാം ഡിഎംകെയും എൻസിപി (എസ്പി) യും എതിർത്തിരുന്നു. എഫ്‌സിആർഎ ബില്ലിൽ ഡിഎംകെ പ്രത്യേകിച്ചും അസ്വസ്ഥരായിരുന്നു; അവർ പരസ്യമായി എതിർക്കുകയും ചെയ്തു. മറ്റ് ബില്ലുകളോടുള്ള അവരുടെ എതിർപ്പുകളും രേഖകളിലുണ്ട്.

വിട്ടുവീഴ്ചയുടെ ഭാഗമായാണ് സർക്കാർ ഈ ബില്ലുകൾ മാറ്റിവെച്ചതെന്നും പകരം മണ്ഡല പുനർനിർണയത്തിൽ ഇരുപാർട്ടികളുടെയും പിന്തുണയാണ് ആഗ്രഹിച്ചതെന്നുമാണ് വൃത്തങ്ങൾ പറയുന്നത്. മുതിർന്ന മന്ത്രിമാർ ഡിഎംകെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുൻകരുതലില്ലാതെ സംസാരിക്കാറുള്ള ഒരു സഖ്യകക്ഷി സഹമന്ത്രി ചെന്നൈ സന്ദർശിച്ചപ്പോൾ, മണ്ഡല പുനർനിർണയത്തിനുള്ള ഡിഎംകെയുടെ പിന്തുണയെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് മുതിർന്ന മന്ത്രി വിളിച്ച് താക്കീത് നൽകിയത്രെ. അതുകൊണ്ടാണ് ഈ എട്ടു മാസത്തിനിടെ മണ്ഡല പുനർനിർണയ ബില്ലിൽ ചർച്ചകൾ നടക്കുന്നതായി ഡിഎംകെയുടെയോ ബിജെപിയുടെയോ ഒരു മുതിർന്ന നേതാവും സൂചന നൽകാതിരുന്നത്.

ബില്ലുകളിൽ സമഗ്ര മാറ്റം വരുത്തിയ വെള്ളിയാഴ്ചത്തെ മന്ത്രിസഭാ തീരുമാനത്തോടെ ഈ പ്രക്രിയ പൂർത്തിയായി. തമിഴ്‌നാട് ഉൾപ്പെടെ ഓരോ സംസ്ഥാനത്തിന്റെയും നിലവിലെ ലോക്സഭാ പങ്കാളിത്തം 50 ശതമാനം വർധനവോടെ നിലനിർത്തണമെന്നും, ആ സംഖ്യ അടുത്ത 25 വർഷത്തേക്ക്, അതായത് 2051 വരെ മരവിപ്പിക്കണമെന്നുമുള്ള ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഇത് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഡിഎംകെ വലിയ നിലപാട് മാറ്റം നടത്തി ബില്ലുകളെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

ശനിയാഴ്ച ചെന്നൈയിൽ ചേർന്ന പാർട്ടി എംപിമാരുടെ യോഗത്തിന് ശേഷം, “അടുത്ത 25 വർഷത്തേക്ക് തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിജയിച്ചു” എന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞു.

ഈ തീരുമാനങ്ങൾ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെയെ ദീർഘകാലമായി എതിർക്കുന്ന എഐഎഡിഎംകെയുമായാണ് ബിജെപി സഖ്യത്തിലുള്ളത്. എന്നാൽ വിജയിന്റെ വിജയം എഐഎഡിഎംകെയ്ക്ക് പുറമെ ബിജെപിയെയും ഡിഎംകെയെയും കൂടുതൽ അടുപ്പിച്ചു. മഹാരാഷ്ട്രയിൽ എൻസിപി (എസ്പി) എൻഡിഎയിൽ ചേർന്നാൽ ഭരണകക്ഷിയായ മഹായുതിക്കുള്ളിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടാം. പ്രതിപക്ഷം കൂടുതൽ ദുർബലപ്പെടുകയും ചെയ്യും.