Featured Spotlight

‘എന്റെ മകനോട് ആ പെൺകുട്ടിക്ക് ക്രഷ്’: പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കു കൂട്ടത്തല്ല്‌, പിന്നിൽ വിദ്യാർഥിനിയുടെ ക്വട്ടേഷൻ?

ഹരിപ്പാട്‌ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട്‌ സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്.

‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന ഒരുപറ്റം വിദ്യാർഥികൾ ചേർന്ന് ക്ലാസ്മുറിയിൽ വച്ച് മാരകമായി മര്‍ദ്ദിച്ച് പരുക്കേൽപ്പിച്ചു. അവന്റെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയും മറ്റൊരു 19 കാരനും നൽകിയ ക്വട്ടേഷന്റെ പ്രകാരമാണ് മകനെ മർദിച്ചത്. ആ പെൺകുട്ടിക്ക് മകനോട് ക്രഷ് ഉണ്ടായിരുന്നു. മകൻ അത് നിരസിച്ചതിനെ തുടർന്നാണ് ക്വട്ടേഷൻ നല്‍കിയത്. എന്റെ മകന് മാരകമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും പുറത്തുമാണ് എറ്റവും കൂടുതൽ പരുക്കേറ്റത്’’– വിദ്യാർഥിയുടെ അമ്മ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി അഞ്ചു ദിവസത്തോളം വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതോടെ മര്‍ദനത്തിനു നേതൃത്വം നല്‍കിയ 16 വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒരു മാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്തു. ഹരിപ്പാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ കുടുംബം ഉന്നയിക്കുന്ന ക്വട്ടേഷന്‍ ആരോപണത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നാണ് പോലീസ്‌ വ്യക്തമാക്കുന്നത്. കുറ്റാരോപിതരായ വിദ്യാര്‍ഥികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ വിവരങ്ങള്‍ പോലീസ്‌ ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.