Featured Good News

കീഴടങ്ങില്ല; ജോലി ഉപേക്ഷിച്ചു, അച്ഛന്റെ തട്ടുകടതുറന്ന് ഭദ്രകീര്‍ത്തിയും അമ്മയും, തുടക്കം ജയബാലകൃഷ്ണന്റെ ചിത്രത്തിനു താഴെ തിരി തെളിച്ച്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍ എറണാകുളം ചിറ്റൂരില്‍ നടത്തിയിരുന്ന തട്ടുകട വീണ്ടും തുറന്ന് കുടുംബം. ജയബാലകൃഷ്ണന്റെ ചിത്രത്തിനു മുന്നില്‍ തിരിതെളിച്ച് ഭാര്യയും മക്കളും ചേര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കടയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ഭദ്രകീര്‍ത്തിയും അമ്മയും സഹോദരനും ചേര്‍ന്ന് ഇനി തട്ടുകട മുന്നോട്ടു കൊണ്ടുപോകും. ജയബാലകൃഷ്ണന്‍ മുമ്പ് നടത്തിവന്ന അതേരീതിയില്‍, അതേ വിഭവങ്ങള്‍ തട്ടുകടയില്‍ വിളമ്പും. ജയബാലകൃഷ്ണൻ നൽകിയിരുന്ന ദോശയും ചമ്മന്തിയും ഓംലെറ്റും ചായയുമാണ് വീണ്ടും ഇന്നലെ വിളമ്പിയത്.


കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ആളുകള്‍ കടയിലേക്ക് എത്തുന്നുണ്ട്. തളരില്ലെന്നും പിതാവിന്റെ മരണത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ 25-ന് തട്ടുകട അടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണ (55)നെ, ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.