ഉറക്കമില്ലായ്മ കാരണം വലയുന്ന ജപ്പാനിൽ, ഏറ്റവും വേഗത്തിലും ആഴത്തിലും ഉറങ്ങുന്നവരെ കണ്ടെത്താനായി ഒരു കിടക്ക ഉത്പാദന കമ്പനി വിചിത്രമായൊരു മത്സരം സംഘടിപ്പിച്ചു. ടോക്കിയോയിൽ നടന്ന ‘മാറ്റ് റേസ്’ (Matt Race) എന്ന് പേരിട്ട ഈ മത്സരത്തിൽ പങ്കെടുത്തവർക്ക് 90 മിനിറ്റ് വരെ കിടക്കയിൽ ഉറങ്ങാനുള്ള അവസരമാണ് ലഭിച്ചത്. സ്ലീപ്പ് ട്രാക്കിംഗ് ഉപകരണങ്ങൾ ധരിച്ചായിരുന്നു ഇവർ മത്സരത്തിൽ പങ്കെടുത്തത്. രണ്ടു ദശലക്ഷത്തിലധികം യെൻ (ഏകദേശം 12 ലക്ഷത്തോളം രൂപ) ആയിരുന്നു വിജയിക്കുള്ള സമ്മാനം.
ലോകരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സമയം ഉറങ്ങുന്നവരുടെ പട്ടികയിലാണ് ജപ്പാൻ ഉൾപ്പെടുന്നത്. ജോലിഭാരവും ദീർഘദൂര യാത്രകളുമാണ് പലപ്പോഴും ഇവിടുത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താൻ കൊവാല സ്ലീപ്പ് ജപ്പാൻ എന്ന കമ്പനി ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ഇരുണ്ട മുറിയിൽ, തലയിൽ മോണിറ്ററുകൾ ഘടിപ്പിച്ച് മത്സരാർത്ഥികൾ ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്.
ഏറ്റവും വേഗത്തിൽ ഉറങ്ങുകയും ദീർഘനേരം ആഴത്തിൽ ഉറങ്ങുകയും ചെയ്ത ‘സുയിമി’ എന്ന് വിളിക്കുന്ന പെൺകുട്ടിയാണ് മത്സരത്തിൽ വിജയിയായത്. വാടകവീട്ടിലേക്ക് മാറുന്നതിനും ഒരു മനോഹരമായ കട്ടിൽ വാങ്ങുന്നതിനും ഈ സമ്മാനത്തുക ഉപയോഗിക്കുമെന്ന് വിജയി പറഞ്ഞു. മത്സരത്തിൽ പങ്കെടുത്തത് വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് മറ്റ് മത്സരാർത്ഥികളും പ്രതികരിച്ചു.
ജപ്പാനിലെ നാലിൽ ഒരാൾ വീതം കടുത്ത ഉറക്കമില്ലായ്മ നേരിടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന മാനസിക സമ്മർദ്ദവും കഠിനാധ്വാനവും കാരണം ലോകത്തിൽ തന്നെ ഏറ്റവും മോശം ഉറക്ക നിലവാരമുള്ള രാജ്യങ്ങളിലൊന്നായി ജപ്പാൻ മാറിയിരിക്കുകയാണ്. യാത്രകൾക്കിടയിലും ജോലിസ്ഥലങ്ങളിലും ആളുകൾ തൂങ്ങി വീഴുന്നത് അവിടെ പതിവ് കാഴ്ചയാണെങ്കിലും, അത് യഥാർത്ഥ ഉറക്കത്തിന് പകരമാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.




