Crime Featured

‘ഇനി വീടുകളിൽ കയറി ഞങ്ങൾ ചോര വീഴ്ത്തും’; മുഖംമൂടി ധരിച്ച് ബൈക്കിലെത്തി, ലിഫ്റ്റ് വാഗ്ദാനം; പൊലീസുകാരനെ വെടിവച്ചുകൊന്നു- ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ്: പഞ്ചാബിൽ പൊലീസുകാരനായ വിനോദ് കുമാർ കൊല്ലപ്പെട്ട കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകത്തിന് തൊട്ടുമുൻപ് രണ്ടുപേർ ചേർന്ന് വിനോദിനെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ഈ സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജിതിയ ആരോപിച്ചു.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘തെഹ്‌രീകെ താലിബാൻ ഹിന്ദുസ്ഥാൻ’ എന്ന ഭീകരസംഘടന ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘‘തെരുവുകളിലല്ല, വീടുകളിൽ കയറിയാകും ഇനി ഞങ്ങൾ കൂടുതൽ ചോര വീഴ്ത്തുക’’ എന്ന ഭീഷണി സന്ദേശമടങ്ങിയ ഒരു പോസ്റ്ററും ഈ സംഘടനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പോസ്റ്ററിന്റെ സത്യാവസ്ഥ പഞ്ചാബ് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗുർദാസ്പുരിലെ മാൻകൗർ ബൈപ്പാസിന് സമീപത്തുനിന്നാണ് 42-കാരനായ വിനോദ് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സുജൻപുർ പൊലീസ് സ്റ്റേഷനിലെ വയർലെസ് ഓപ്പറേറ്ററായിരുന്ന വിനോദ് ഒരു പരിശീലന പരിപാടിക്കായി സംഗ്രൂരിലേക്ക് പോയതായിരുന്നു. തന്നെ കൂട്ടിക്കൊണ്ടുപോകാനായി ബൈപ്പാസിന് സമീപം എത്തണമെന്ന് ഞായറാഴ്ച രാത്രി വിനോദ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. എന്നാൽ പറഞ്ഞ സ്ഥലത്ത് സഹോദരൻ എത്തിയെങ്കിലും വിനോദിനെ കാണാനായില്ല. തുടർന്ന് പലതവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ബൈപ്പാസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

പഞ്ചാബിൽ അടുത്തകാലത്തായി പൊലീസുകാർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ഈ വർഷം മാത്രം ഒരു ഹോം ഗാർഡ് ഉൾപ്പെടെ അഞ്ച് പൊലീസുകാരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.